കാഠ്‌മണ്ഡു:നേപ്പാൾ ആഭ്യന്തര വകുപ്പ് മന്ത്രി രമേഷ് ലഖാക് രാജിവച്ചു. ജെൻ സി പ്രതിഷേധത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് മന്ത്രിയുടെ രാജി. പ്രതിഷേത്തുടർന്ന് 20 പേരുടെ മരണമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദാരുണമായ സംഭവത്തെത്തുടർന്ന് ആഭ്യന്തര മന്ത്രി ഉടൻ രാജവച്ചൊഴിയണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. വർധിച്ചുവരുന്ന സമ്മദത്തെ തുടർന്നാണ് രാജിവച്ച് ഒഴിഞ്ഞിരിക്കുന്നത്.
പ്രതിഷേധങ്ങൾ തുടരുന്നതിനാൽ നേപ്പാളിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും ഉന്നത നേതാക്കളുടെയും ഓഫീസുകൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഭരണകക്ഷിയായ യുഎംഎൽ, നേപ്പാളി കോൺഗ്രസ് പാർട്ടികളുടെ ആസ്ഥാനങ്ങൾക്ക് ചുറ്റും കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.
വർധിച്ചുവരുന്ന പ്രതിഷേധം കണക്കിലെടുത്ത്,മുൻകരുതൽ നടപടിയെന്നോളം അടുത്ത രണ്ട് ദിവസത്തേക്ക് നിരവധി നഗരങ്ങളിലെ സ്കൂളുകളും കോളേജുകളും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ സെപ്റ്റംബർ 9, 10, 11 തീയതികളിൽ രാജ്യത്തുടനീളം നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ പരീക്ഷകളും താൽക്കാലികമായി മാറ്റിവച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾക്ക് തുടക്കം കുറിച്ചത്.ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ഉള്‍പ്പെടെ 26 ഓളം സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും അടിയന്തരമായി രജിസ്ട്രേഷന്‍ നടപടികള്‍ പൂർത്തീകരിക്കണമെന്ന് സർക്കാർ നിർദേശം നല്‍കിയിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.
ടിക് ടോക്ക്, വൈബർ, വിറ്റ്ക്, നിംബസ്, പോപ്പോ ലൈവ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ ഈ നിർദേശങ്ങൾ പാലിച്ചിരുന്നു. എന്നാല്‍, മെറ്റാ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്), ആൽഫബെറ്റ് (യൂട്യൂബ്), എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇൻ എന്നിങ്ങനെയുള്ള പ്രമുഖ പ്ലാറ്റ്‌ഫോമുകള്‍ രജിസ്റ്റർ ചെയ്തിരുന്നില്ല. സമയപരിധി അവസാനിച്ചതോടെയാണ് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് നേപ്പാൾ ടെലികമ്മ്യൂണിക്കേഷൻസ് അതോറിറ്റി നിരോധനം ഏർപ്പെടുത്താൻ നിർബന്ധിതരായത്.
സമൂഹമാധ്യമങ്ങള്‍ക്ക് ഏർപ്പെടുത്തിയ നിരോധനത്തിന് പുറമേ, സഡക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ജെൻസികൾക്ക് മറ്റ് കാരണങ്ങൾ കൂടി ഉണ്ടായിരുന്നു. സർക്കാരിലുള്ള നിരാശയും പ്രതിഷേധത്തിന് വഴിവെച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. അഴിമതി,സ്വേച്ഛാധിപത്യം, ഉത്തരവാദിത്തമില്ലായ്മ ഉയർത്തി പിടിച്ചാണ് യുവാക്കൾ പ്രതിഷേധിക്കുന്നത്. അഴിമതിയും വർധിച്ചുവരുന്ന സാമ്പത്തിക അസമത്വം മൂലമുള്ള നിരാശയുമാണ് ജെന്‍സി കലാപത്തിന് കാരണമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.