

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിക്ക് വിട നല്‍കി ഇറാന്‍. ഒരാഴ്ച നീണ്ട വിലാപയാത്രയ്ക്കും പൊതുദര്‍ശനങ്ങള്‍ക്കുംശേഷം ജന്മനാടായ മഷ്ഹദിലായിരുന്നു സംസ്കാര ചടങ്ങുകള്‍. ജൂലൈ നാലിനാണ് വിലാപയാത്ര ആരംഭിച്ചത്. ഷിയ മുസ്ലീങ്ങളുടെ പുണ്യനഗരമായ ഇറാഖിലെ കർബലയും നജാഫും ഉള്‍പ്പെടെ പിന്നിട്ടാണ് ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹം മഷ്ഹദില്‍ എത്തിച്ചത്. മഷ്ഹദിൽ ഇമാം റെസയുടെ ശവകുടീരത്തോട് ചേർന്നാണ് ഖമനേയിക്കും അന്ത്യവിശ്രമമൊരുക്കിയത്.
ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിലാണ് ഖമനേയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. സംഘർഷ പശ്ചാത്തലത്തിലാണ് മരണാനന്തര ചടങ്ങുകള്‍ വൈകിയത്. ഖമനേയിക്കൊപ്പം കൊല്ലപ്പെട്ട മകളുടെയും മരുമകൻ്റെയും 14 മാസം മാത്രം പ്രായമുള്ള ചെറുമകളുടെയും, നിലവിലെ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയിയുടെ ഭാര്യ മിസ്ബാഹ് അൽ ഹുദ ബഗേരിയുടെയും സംസ്കാരചടങ്ങുകള്‍ ഒരുമിച്ചാണ് നടന്നത്.
യുഎസ് ആക്രമണം തുടരുന്നതിനിടെയും, ലക്ഷങ്ങള്‍ ഖമനേയിയുടെ സംസ്കാരചടങ്ങുകളില്‍ പങ്കെടുത്തു. പ്രത്യേക കറുത്ത വസ്ത്രത്തിലായിരുന്നു ജനങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. ഖമനേയിയുടെ ചിത്രങ്ങളും, ഇറാന്‍ പതാകകളും കൈയിലേന്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവർക്കെതിരായ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ന്നു. 'യുഎസിന് നാശം', Hey TRUMP We will kill You എന്ന കൂറ്റന്‍ ബാനറും ജനങ്ങള്‍ ഉയര്‍ത്തി.
ജനത്തിരക്കേറിയതോടെ, സംസ്കാരചടങ്ങുകള്‍ എട്ട് മണിക്കൂറോളം വൈകി. അതേസമയം, ഒളിവില്‍ തുടരുന്ന ഖമനേയിയുടെ മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മൊജ്‌തബ ഖമനേയി ചടങ്ങുകളില്‍ പങ്കെടുത്തില്ല.