ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വ്യോമാക്രമണത്തില്‍ ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ അവകാശവാദമുന്നയിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്‍ മരണം സ്ഥിരീകരിച്ചത്.
വ്യോമാക്രമണത്തില്‍ ലാരിജാനിയുടെ മകനും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. "രക്തസാക്ഷികളുടെ നിര്‍മലമായ ആത്മാക്കള്‍, ദൈവത്തിന്റെ നീതിമാനായ ദാസന്‍ രക്തസാക്ഷി ഡോ. അലി ലാരിജാനിയുടെ പരിശുദ്ധമായ ആത്മാവിനെ പുണര്‍ന്നു." എന്നാണ് സുരക്ഷാ കൗണ്‍സില്‍ ലാരിജാനിയുടെ മരണം സ്ഥിരീകരിച്ചു കൊണ്ട് അറിയിച്ചത്.
"ഇറാനിന്റെയും ഇസ്ലാമിക വിപ്ലവത്തിന്റെയും പുരോഗതിക്കായി ജീവിതകാലം മുഴുവന്‍ പോരാടിയ അദ്ദേഹം, ഒടുവില്‍ തന്റെ ദീര്‍ഘകാലത്തെ അഭിലാഷം സാക്ഷാത്കരിക്കുകയും ദൈവവിളിക്ക് ഉത്തരം നല്‍കുകയും ചെയ്തു. സേവനത്തിന്റെ പോര്‍ക്കളത്തില്‍ രക്തസാക്ഷിത്വത്തിന്റെ മധുരമായ അനുഗ്രഹം അദ്ദേഹം അഭിമാനപൂര്‍വ്വം കൈവരിച്ചു." എന്നും ഇറാന്‍ വ്യക്തമാക്കി.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കു ശേഷം യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മുതിര്‍ന്ന നേതാവാണ് ലാരിജാനി. ലാരിജാനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുഎസ് 10 മില്യണ്‍ ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.
ബസിജ് (Basij) പാരാമിലിട്ടറി സേനയുടെ തലവൻ ബ്രിഗേഡിയർ ജനറൽ ഗുലാംറെസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഉന്നത നേതാക്കളെ ഇല്ലാതാക്കുന്നതിലൂടെ ഇറാനെ പിന്നോട്ടടിക്കാനാകില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ രാഷ്ട്രീയ അടിത്തറ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സ്ഥാപനങ്ങളോടു കൂടിയ ശക്തമായ ഒരു രാഷ്ട്രീയ ഘടനയുള്ള രാജ്യമാണ് ഇറാന്‍. യുഎസിനും ഇസ്രയേലിനും എന്തുകൊണ്ടാണ് ഇക്കാര്യം മനസിലാകാത്തത് എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു നേതാവിന്റെ സാന്നിധ്യമോ അസാന്നിധ്യമോ ഇറാന്റെ സംവിധാനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തികള്‍ സ്വാധീനമുള്ളവരായിരിക്കാം. ചില നേതാക്കള്‍ മികച്ചവരും ചിലര്‍ മോശം നേതാക്കളുമൊക്കെയായിരിക്കാം. എല്ലാവരും സ്വന്തം ഉത്തരവാദിത്തങ്ങളാണ് നിറവേറ്റുന്നത്. പക്ഷെ, ഏറ്റവും സുപ്രധാനമായ കാര്യം ഇറാന് ശക്തമായ അടിത്തറയുണ്ടെന്നതാണ്.
ഇതിനിടയില്‍, ലാരിജാനിയുടെ കൊലപാതകത്തിനു പിന്നാലെ ഇറാന്‍ ആക്രമണവും ശക്തമാക്കി. സൗദിയിലും കുവൈത്തിലും ഡ്രോണ്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവില്‍ ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
ഇസ്രയേലിലും വലിയ ആക്രമണമുണ്ടായതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേല്‍ നഗരമായ കഫര്‍ ഖാസെമില്‍ വ്യാപക നാശനഷ്ടമുണ്ടായതായാണ് ചാനല്‍ 12 ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തത്. ചുരുങ്ങിയത് നാല് ഇടങ്ങളിലെങ്കിലും മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്.