

പശ്ചിമേഷ്യയിലെ സംഘർഷം നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ, ശക്തമായ പ്രത്യാക്രമണങ്ങളിലൂടെ അമേരിക്കയെയും ഗള്‍ഫ് മേഖലയെയും സമ്മർദ്ദത്തിലാക്കി ഇറാൻ . യുഎസ് വ്യോമ താവളങ്ങൾക്കും എംബസികൾക്കും നേരെയുള്ള ആക്രമണം ശക്തമായി തുടരുകയാണ് . സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങൾ വിടാൻ പൗരൻമാർക്ക് അമേരിക്ക നിർദേശം നൽകി.
ആയത്തൊള്ള അലി ഖമനേയിയുടെ കൊലപാതകത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികൾക്ക് നേരെ ഇറാൻ ആരംഭിച്ച പ്രത്യാക്രമണം അതിശക്തമായി തുടരുകയാണ് . യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളും നയതന്ത്ര കാര്യാലയങ്ങളും ലക്ഷ്യമിട്ടാണ് മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ . റിയാദിലെ യു എസ് എംബസിയിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ വലിയ അഗ്നിബാധയും ഉണ്ടായി .
കുവൈത്തിലെയും ബഹ്റൈനിലേയും യുഎസ് വ്യോമതാവളവും ഇറാൻ ആക്രമിച്ചു. റിഫൈനറികളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണത്തിലൂടെ ഗള്‍ഫ് രാജ്യങ്ങളെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് ഇറാൻ . കുവൈത്തിലെയും സൗദിയിലെയും യു എസ് എംബസികൾ അടച്ചു . ആക്രമണത്തിന് പിന്നാലെ പ്രകൃതി വാതക ഉത്പാദനം ഖത്തർ താത്ക്കാലികമായി നിർത്തി . ഗൾഫ് രാജ്യങ്ങളിലുള്ള പൗരൻമാർക്ക് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട് . സുരക്ഷ കണക്കിലെടുത്ത് പശ്ചിമേഷ്യൻ രാജ്യങ്ങൾ വിടാൻ പൗരൻമാർക്ക് നിർദേശം നൽകി .
റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഉടൻ തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി . ഇതിലും വലിയ പ്രഹരം ഇറാനുണ്ടാകുമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബീയോയുടെ താക്കീത് . പശ്ചിമേഷ്യയിലേക്ക് അമേരിക്ക കൂടുതൽ പോർ വിമാനങ്ങൾ അയച്ചിട്ടുണ്ട്. യുദ്ധം അനന്തമായി നീളില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു .
ഇറാനിലും ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേൽ. സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നെന്നാണ് റിപ്പോർട്ട് . ഐആർജിസി കൺട്രോൾ സെന്‍ററുകൾ തകർത്തെന്ന് യു എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു . ഇറാനിലെ പഴയ പാർലമെൻ്റ് കെട്ടിടത്തിന് നേരെയും ആക്രമണം ഉണ്ടായി . ലെബനനിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട് . ഇസ്രയേൽ അധിനിവേശത്തിന് അറുതി വരുത്തുമെന്ന് ഹിസ്ബുള്ളയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.