

ടെഹ്‌റാന്‍: ഇറാന്‍ ഇസ്രയേല്‍ യുഎസ് സംഘര്‍ഷം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരോട് എത്രയും വേഗം ഇറാനില്‍ നിന്നും കടക്കാന്‍ നിര്‍ദേശവുമായി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ നിലവില്‍ ഇറാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും എംബസി അറിയിച്ചു.
പ്രതിഷേധങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിന്ന് പരമാവധി അകന്നു നില്‍ക്കണമെന്നും എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എംബസി അറിയിക്കുന്നു. ഇറാനിലെ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഹെല്‍പ്പ് ലൈന്‍ നമ്പറും പുറത്തിറക്കിയിട്ടുണ്ട്. 989128109115, 989128109109, 989128109102, 989932179359 എന്നിവയാണ് ഇന്ത്യക്കാര്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍.
ഇസ്രയേല്‍ ഇന്ന് വീണ്ടും ഇറാന് നേരെ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്റെ പെട്രോ കെമിക്കല്‍ പ്ലാന്റിലേക്കായിരുന്നു ഇസ്രയേല്‍ ആക്രമണം. ഇസ്രയേലിന് നേരെ ഇറാന്‍ വീണ്ടും വ്യാപകമായി ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന് പിന്നാലെയാണ് ഇറാനില്‍ ഇസ്രയേല്‍ തിരിച്ചടി തുടര്‍ന്നത്.