ടെഹ്റാൻ: ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭം മൂന്നാം ദിനം പിന്നിടുന്നതോടെ സമര വിരുദ്ധ നടപടി ശക്തമായി. 11 പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. സർവകലാശാലകളിൽ സമരത്തിൽ പ്ങ്കെടുത്ത വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തതായി മനുഷ്യാവകാശ ഗ്രൂപ്പുകൾ ആരോപിക്കുന്നു.
ടെഹ്റാനിലെ ആമിർകബീർ സർവകലാശാലയിലെ ഒരു വിദ്യാർത്ഥിക്ക് ഇറാനിയൻ സൈനിക വിഭാഗമായ വിപ്ലവ സംരക്ഷണ സേനയുടെ ബാസിജ് മിലിഷ്യയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇതിനിടെ ഇസ്ലാമിക ഭരണകൂട വിരുദ്ധ മുദ്രാവാക്യങ്ങൾ വിദ്യാർത്ഥികൾ വിളിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പടർന്നു.
രാജ്യത്തെ സാമ്പത്തിക തകർച്ചയാണ് പ്രതിഷേധത്തിന്റെ കാരണമായി വിദഗ്ധർ പറയുന്നത്. ആയത്തുള്ള അലി ഖമേനിയുടെ ഭരണകൂടത്തിന്റെ വ്യവസ്ഥാപരമായ പരാജയമായിട്ടാണ് ആളുകൾ സാമ്പത്തിക തകർച്ചയെ കാണുന്നത്. ടെഹ്‌റാനിൽ നിന്ന് മറ്റ് നിരവധി നഗരങ്ങളിലേക്ക് പ്രകടനങ്ങൾ വ്യാപിച്ചുകഴിഞ്ഞു. പ്രതിഷേധങ്ങൾ അരക്ഷിതാവസ്ഥ സൃഷ്ടിച്ചാൽ 'നിർണായകമായ നടപടികൾ സ്വീകരിക്കുമെന്നാണ് ഇറാൻ പ്രോസിക്യൂട്ടർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
കറൻസിയുടെ തകർച്ചയും ഗുരുതരമായ സാമ്പത്തിക സാഹചര്യങ്ങളും മൂലമുണ്ടാകുന്ന പ്രതിഷേധങ്ങളായതുകൊണ്ടുതന്നെ ജനങ്ങളെ പൂർണമായും കുറ്റപ്പെടുത്താനും കഴിയാത്ത സ്ഥിതിയുണ്ട്. സമാധാനപരമായ പ്രതിഷേധം നിയമാനുസൃതമാണെന്നും എന്നാൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് നേരെ കടുത്ത നടപടിയുണ്ടാകുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.