

ടെഹ്റാൻ: സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദിലേക്ക് പോയ ഇറാന്‍ പ്രതിനിധിസംഘം യാത്ര ചെയ്ത വിമാനത്തിന്റെ മുന്‍നിരയില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട മിനാബ് സ്‌കൂളിലെ കുരുന്നുകളുടെ ചിത്രങ്ങളും. രക്തത്തില്‍ കുതിര്‍ന്ന സ്‌കൂള്‍ ബാഗുകള്‍, ഷൂസ്, വെളുത്ത പൂക്കള്‍ എന്നിവയും ചിത്രത്തിനൊപ്പം സീറ്റുകളില്‍ വെച്ചിട്ടുണ്ട്.
ഈ വിമാനത്തിലെ എന്റെ ഒപ്പമുള്ള യാത്രക്കാര്‍ എന്ന അടിക്കുറിപ്പോടെ ഇറാന്‍ പാര്‍ലമെന്റിന്റെ സ്പീക്കര്‍ ഗാലിബാഫ് എക്‌സില്‍ ചിത്രം പങ്കുവെച്ചു. ഗാലിബാഫ് കുട്ടികളുടെ ഫോട്ടോകളിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രമടക്കമാണ് എക്‌സില്‍ പങ്കുവച്ചത്.
ഗാലിബാഫിന്റെ ചിത്രം ദക്ഷിണാഫ്രിക്കയിലെ ഇറാന്‍ എംബസി പങ്കുവച്ചു. മിനാബിലെ കുട്ടികളെ ഒരിക്കലും മറക്കില്ലെന്ന് കുറിച്ചുകൊണ്ടായിരുന്നു എംബസി ചിത്രം പങ്കുവച്ചത്.
യുഎസും ഇസ്രയേലും ചേര്‍ന്ന് ആദ്യദിവസം നടത്തിയ ആക്രമണത്തില്‍ സ്‌കൂളിന് മുകളിലാണ് ഡ്രോണുകള്‍ പതിച്ചത്. ആ സമയം സ്‌കൂളിലുണ്ടായിരുന്ന 160 കുരുന്നുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുട്ടികളുടെ മൃതദേഹം അടക്കം ചെയ്യുന്നതിന്റെ ഡ്രോണ്‍ ഷോട്ട് പങ്കുവച്ച് രംഗത്തെത്തിയിരുന്നു.