ഇറാനെതിരായ യുദ്ധം അവസാനിക്കുന്നു; നെതന്യാഹുവിനെ കാത്തിരിക്കുന്നത് മറ്റൊരു പോര്‍മുഖം

നിലനില്‍പ്പിനായി ട്രംപ് പുതിയ നയതന്ത്രം പയറ്റുമ്പോള്‍, നെതന്യാഹുവിനും പുതിയ അടവ് സ്വീകരിക്കേണ്ടിവരും.
ഇറാനെതിരായ യുദ്ധം അവസാനിക്കുന്നു; നെതന്യാഹുവിനെ കാത്തിരിക്കുന്നത് മറ്റൊരു പോര്‍മുഖം
Published on
Updated on

യുഎസും ഇറാനും സമാധാനക്കരാറില്‍ ഒപ്പുവച്ചതോടെ, മേഖലയില്‍ നാലു മാസമായി തുടര്‍ന്ന സംഘര്‍ഷങ്ങള്‍ അവസാനിക്കുകയാണ്. പശ്ചിമേഷ്യയെയും പിന്നാലെ ലോകത്തെയാകെയും ബാധിച്ച പ്രതിസന്ധിക്കുകൂടി അറുതിയാകുന്നു. കാര്യങ്ങള്‍ കൈവിടുകയും, യുദ്ധം അവസാനിപ്പിക്കാനുള്ള രാജ്യാന്തര സമ്മര്‍ദം വര്‍ധിക്കുകയും ചെയ്തതോടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമാധാനമാര്‍ഗം തേടിയത്. വെടിനിര്‍ത്തലും സമാധാനശ്രമങ്ങളും ലോകത്തിനാകെ ആശ്വാസം പകരുന്നതാണ്. എന്നാല്‍, സഖ്യകക്ഷിയായ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അങ്ങനെയല്ല. രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഈ വെടിനിര്‍ത്തല്‍ നെതന്യാഹുവിനെ മറ്റൊരു പോര്‍മുഖത്താണ് എത്തിച്ചിരിക്കുന്നത്.

ഫെബ്രുവരി 28നാണ് യുദ്ധം ആരംഭിച്ചത്. ഭരണമാറ്റം, ആണവായുധ നശീകരണം എന്നിങ്ങനെ മനക്കഥകള്‍ പറഞ്ഞാണ് ട്രംപും നെതന്യാഹുവും ഇറാനിലേക്ക് മിസൈല്‍ പായിച്ചത്. പിന്നാലെ, ഇറാന്റെ സൈനിക ശേഷിയെക്കുറിച്ചും യുദ്ധം തുടങ്ങേണ്ടിവന്നതിനെക്കുറിച്ചും പലതരം ന്യായീകരണങ്ങള്‍ വന്നു. ഇറാന്‍ ഇതാ ഞങ്ങള്‍ക്ക് കീഴടങ്ങുന്നു എന്നായിരുന്നു ആത്മവിശ്വാസം. നാലോ ആറോ ആഴ്ചയ്ക്കുള്ളില്‍ ലക്ഷ്യം കാണും എന്നാണ് ട്രംപും പെന്റഗണും വിലയിരുത്തിയത്. ആ ടൈം ലൈന്‍ വെച്ചുകൊണ്ടായിരുന്നു യുഎസ്, ഇസ്രയേല്‍ സൈന്യത്തിന്റെ നടപടികള്‍. ഭരണ, സൈനിക നേതൃത്വം ഇല്ലാതാകുന്നതോടെ ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളിലേക്ക് വരുമെന്നായിരുന്നു കണക്കുക്കൂട്ടല്‍. എന്നാല്‍, യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തൊല്ല അലി ഖമനേയിയെയും, ഭരണ-സൈനിക നേതൃത്വങ്ങളെയും നഷ്ടപ്പെട്ടിട്ടും ഇറാന്‍ പ്രതിരോധം തീര്‍ത്തു. ഗള്‍ഫ് മേഖലയിലെ യുഎസ് നാവികത്താവളങ്ങള്‍ ആക്രമിച്ച ഇറാന്‍ ഹോര്‍മുസ് അടച്ചിട്ടതോടെ, ലോകം പ്രതിസന്ധിയിലായി.

ഇറാനെതിരായ യുദ്ധം അവസാനിക്കുന്നു; നെതന്യാഹുവിനെ കാത്തിരിക്കുന്നത് മറ്റൊരു പോര്‍മുഖം
WORLD MATTERS | ഇറാനില്‍ തെറ്റിയും തെന്നിയും ട്രംപ്; പറയുന്നതേറെയും അബദ്ധങ്ങള്‍

ആഗോളവിപണി ആടിയുലഞ്ഞതോടെ ലോകരാഷ്ട്രങ്ങള്‍ക്കിടെ ട്രംപ് ഒറ്റപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളോടും നാറ്റോയോടും വരെ സഹായം തേടി. ആരും ഒപ്പം നിന്നില്ല. യുദ്ധം തുടരാനോ, അവസാനിപ്പിക്കാനോ പറ്റാത്ത അവസ്ഥയിലായി. യുഎസ് സമ്പദ്‌വ്യവസ്ഥയും തകര്‍ന്നടിഞ്ഞു തുടങ്ങി. ഇതിനിടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കൊണ്ടുവന്നു. സ്ഥിതിഗതികള്‍ ശാന്തമായെങ്കിലും, എണ്ണവിപണിയിലെ അനിശ്ചിതത്വം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതോടെ സംഘർഷം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമ്മർദം ശക്തമായി. വീണ്ടുമൊരു ആക്രമണത്തിന് മുതിര്‍ന്നാല്‍ വിനാശകരമായ പ്രത്യാക്രമണം നടത്താനുള്ള സൈനിക ശേഷി ഇറാന്‍ വീണ്ടെടുത്തിട്ടുണ്ടെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അതിനിടെ പുറത്തുവന്നു. ശാശ്വത വെടിനിര്‍ത്തല്‍ സാധ്യമാകുന്ന സമാധാന കരാറിനായുള്ള ചര്‍ച്ചകള്‍ക്കപ്പുറം കാര്യങ്ങള്‍ പോയാല്‍, പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമാകുമെന്ന സ്ഥിതിയിലാണ് യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപും ഭരണകൂടവും മുന്നിട്ടിറങ്ങിയത്.

മാസങ്ങള്‍ നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവിലാണ് യുഎസ്-ഇറാന്‍ സമാധാന കരാര്‍ യാഥാര്‍ഥ്യമായത്. ട്രംപ് ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ സാന്നിധ്യത്തിലും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഓണ്‍ലൈനായുമാണ് കരാറില്‍ ഒപ്പിട്ടത്. ധാരണാപത്രത്തില്‍ ഒപ്പുവച്ചതായി വൈറ്റ് ഹൗസും ഇറാന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഒപ്പിട്ടതിനു പിന്നാലെ കരാര്‍ പ്രാബല്യത്തില്‍ വന്നു. അന്തിമ കരാര്‍ 60 ദിവസത്തിനകവും പ്രാബല്യത്തില്‍ വരും. കരാർ പ്രകാരം എല്ലാ മേഖലകളിലെയും യുദ്ധം ഉടനടി അവസാനിക്കും. ഹോർമുസ് കടലിടുക്ക് വഴി ടോൾ ഇല്ലാതെ കപ്പൽ ഗതാഗതം പുനരാരംഭിക്കും. ഇറാനുമേലുള്ള യുഎസ് ഉപരോധം പിൻവലിക്കും. യുദ്ധാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കായി 300 ബില്യൺ ഡോളറിന്റെ നിക്ഷേപ ഫണ്ടും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്. ആണവായുധം നിര്‍മിക്കില്ലെന്നും, അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുടെ മേല്‍നോട്ടത്തില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കുറയ്ക്കുമെന്നും ഇറാനും സമ്മതം അറിയിച്ചിട്ടുണ്ട്.

ഇറാനെതിരായ യുദ്ധം അവസാനിക്കുന്നു; നെതന്യാഹുവിനെ കാത്തിരിക്കുന്നത് മറ്റൊരു പോര്‍മുഖം
WORLD MATTERS | ഇറാനില്‍ തോറ്റെന്ന് ട്രംപ് സമ്മതിക്കുമോ?

മാസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ അവസാനിക്കുമ്പോള്‍ ലോകം ആശ്വാസത്തിന്റെ നെറുകയിലാണ്. എന്നാല്‍ ഈ യുദ്ധതന്ത്രമെല്ലാം മെനഞ്ഞ് ട്രംപിനൊപ്പം നിന്ന നെതന്യാഹുവിന് കാര്യങ്ങള്‍ അങ്ങനെയല്ല. യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ട്രംപും നെതന്യാഹുവും വിരുദ്ധധ്രുവങ്ങളിലാണ്. സംഘർഷം അവസാനിപ്പിച്ച്, സമാധാന കരാറിനായി യുഎസ് പരിശ്രമിക്കുമ്പോള്‍, സൈനിക നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ നിലപാട്. സമാധാന സ്ഥാപനത്തിന്റെ ഭാഗമായി, സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളോട് നിയന്ത്രണം പാലിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇറാനുമായുള്ള വെടിനിർത്തൽ ലബനനിലെ ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടികൾക്ക് ബാധകമല്ലെന്നാണ് ഇസ്രയേല്‍ നിലപാട്. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുവരെ പോരാട്ടം അവസാനിക്കുകയില്ലെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയ സുരക്ഷിതത്വം കൂടി ഉറപ്പാക്കിക്കൊണ്ടാണ് വിഷയത്തില്‍ നെതന്യാഹു ഇടപെടുന്നത്. ആക്രമണം എത്രയും വേഗം അവസാനിപ്പിക്കണമെന്ന യുഎസിന്റെയും രാജ്യാന്തര സമൂഹത്തിന്റെയും സമ്മർദം ഒരു വശത്തുണ്ട്. മറുവശത്ത്, ഇറാനും സഖ്യശക്തികൾക്കുമെതിരായ സൈനിക നടപടി തുടരണമെന്ന സ്വന്തം സർക്കാരിന്റെ ആവശ്യവും. ഹിസ്ബുള്ളയെ സമ്പൂര്‍ണമായി നിർവീര്യമാക്കാതെ പിൻമാറുന്നത് ഭാവിയിൽ കൂടുതൽ വലിയ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന ആശങ്ക ഇസ്രയേൽ സുരക്ഷാ സംവിധാനത്തിനുള്ളിലും ശക്തമാണ്. ഇറാനും സഖ്യശക്തികളായ ഹിസ്ബുള്ളയും ഹമാസും ഇസ്രയേലിന് എല്ലായ്പ്പോഴും ഭീഷണിയാണെന്ന വാദവും, നടപടികളുമാണ് നെതന്യാഹുവിന്റെ രാഷ്ട്രീയാടിത്തറ. അതിനാല്‍ സൈനിക നടപടി ലഘൂകരിക്കാനുള്ള നീക്കം സുരക്ഷാവീഴ്ചയായും നേതൃത്വമില്ലായ്മയായും വിലയിരുത്തപ്പെട്ടേക്കാമെന്ന ആശങ്ക നെതന്യാഹുവിനുണ്ട്.

ഇറാനെതിരായ യുദ്ധം അവസാനിക്കുന്നു; നെതന്യാഹുവിനെ കാത്തിരിക്കുന്നത് മറ്റൊരു പോര്‍മുഖം
ട്രംപിന്റെ കണക്കുക്കൂട്ടല്‍ തെറ്റി; സൈനികശേഷി അതിവേഗം തിരിച്ചുപിടിച്ച് ഇറാന്‍

രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആഭ്യന്തര രാഷ്ട്രീയത്തിലും നെതന്യാഹു കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം തടയുന്നതിലെ വീഴ്ച, ദീർഘകാല യുദ്ധങ്ങള്‍, സൈനിക നഷ്ടങ്ങൾ, അഴിമതിക്കേസുകളിലെ വിചാരണ, യുദ്ധകുറ്റകൃത്യങ്ങള്‍ എന്നിങ്ങനെ ആരോപണങ്ങള്‍ പ്രതിപക്ഷം നിരന്തരം ഉയര്‍ത്തുന്നുമുണ്ട്. യുദ്ധവും സംഘര്‍ഷവും ഒഴിയുന്ന അന്തരീക്ഷത്തില്‍ രാഷ്ട്രീയ ശബ്ദം കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കും. അതിനാല്‍ പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെ പുതിയ അധ്യായം എഴുതപ്പെടുമ്പോള്‍, യുദ്ധാനന്തര രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനം എന്താകുമെന്ന ആശങ്ക നെതന്യാഹുവിനെ വല്ലാതെ കുഴക്കുന്നുണ്ട്. നിലനില്‍പ്പിനായി ട്രംപ് പുതിയ നയതന്ത്രം പയറ്റുമ്പോള്‍, നെതന്യാഹുവിനും പുതിയ അടവ് സ്വീകരിക്കേണ്ടിവരും.

News Malayalam 24x7
newsmalayalam.com