നെയ്റോബി: ലോക മനസ്സാക്ഷിയെ ഒന്നാകെ ഞെട്ടിച്ച 'ഷാക്കഹോള കൂട്ടക്കൊല'കേസിൽ സ്വയംപ്രഖ്യാപിത പാസ്റ്ററും അന്ധവിശ്വാസ സംഘത്തലവനുമായ പോൾ മക്കെൻസിക്ക് മൊംബാസ ഹൈക്കോടതി 200 വർഷം കഠിനതടവ് വിധിച്ചു. 190 പിഞ്ചുകുഞ്ഞുങ്ങളും ഒരു മുതിർന്നയാളും ഉൾപ്പെടെ 191 പേരെ കൊലപ്പെടുത്തിയ കേസിലാണ് കോടതിയുടെ ചരിത്രപരമായ ശിക്ഷാവിധി. 'ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച്' എന്ന ദുരൂഹ മതസംഘടനയുടെ സ്ഥാപകനായ മക്കെൻസിക്കൊപ്പം കൂട്ടുപ്രതികളായ 28 പേർക്കും കോടതി വിവിധ കാലയളവുകളിലുള്ള ശിക്ഷകൾ വിധിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ വധശിക്ഷയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും, ജീവിതാവസാനം വരെ തടവറയിൽ കഴിയേണ്ടി വരുന്ന തരത്തിലുള്ള കടുത്ത തടവുശിക്ഷയാണ് കോടതി പ്രഖ്യാപിച്ചത്.
ലോകാവസാനം അടുത്തെത്തിയെന്നും യേശുക്രിസ്തുവിനെ നേരിൽ കാണാൻ പട്ടിണി കിടന്ന് മരിക്കണമെന്നും വിശ്വസിപ്പിച്ചാണ് കിഴക്കൻ കെനിയയിലെ ഷാക്കഹോള വനമേഖലയിലേക്ക് മക്കെൻസി തന്റെ അനുയായികളെ എത്തിച്ചത്. 325 ഹെക്ടറിലധികം വരുന്ന വനഭൂമിയിൽ അനുയായികളെ പുറംലോകവുമായി ബന്ധമില്ലാതെ പാർപ്പിച്ച ഇയാൾ, കുഞ്ഞുങ്ങൾക്ക് ആഹാരവും വെള്ളവും നൽകാതെ ക്രൂരമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു.
സ്കൂൾ വിദ്യാഭ്യാസം 'പൈശാചികമാണ്' എന്നും ആധുനിക വൈദ്യശാസ്ത്രവും ആശുപത്രികളും ചെകുത്താന്റെ ഉപകരണങ്ങളാണെന്നും അനുയായികളെ വിശ്വസിപ്പിച്ച പ്രതി, ചികിത്സ തേടുന്നതിനെയും കർശനമായി വിലക്കി. 2021 ജനുവരി മുതൽ 2023 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൂട്ടക്കൊലപാതകങ്ങൾ അരങ്ങേറിയത്.
2023 ഏപ്രിലിൽ മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലിലൂടെ ഷാക്കഹോള വനത്തിൽ പോലീസ് നടത്തിയ വ്യാപകമായ പരിശോധനയിലാണ് കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനകളിൽ വനത്തിൽ നിന്ന് 429-ലധികം മനുഷ്യശരീര അവശിഷ്ടങ്ങളാണ് കുഴിച്ചെടുത്തത്. ഇതിൽ ഭൂരിഭാഗവും കുഞ്ഞുങ്ങളുടേതായിരുന്നു.
പട്ടിണിക്ക് പുറമെ കഴുത്തുഞെരിച്ചും ശ്വാസംമുട്ടിച്ചും മർദിച്ചുമൊക്കെ ആളുകളെ കൊലപ്പെടുത്തിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ടാക്സി ഡ്രൈവറായി ജീവിതം ആരംഭിച്ച് പിന്നീട് ആൾദൈവമായി മാറിയ മക്കെൻസിക്കെതിരെ നരഹത്യ, ഭീകരവാദം എന്നീ വകുപ്പുകളിലുള്ള മറ്റ് നിരവധി കേസുകളിലെ വിചാരണയും പുരോഗമിക്കുകയാണ്.