അഴിമതി കേസുകളില്‍ മാപ്പിരന്ന് നെതന്യാഹു; കുറ്റമേറ്റ് രാഷ്ട്രീയം വിടട്ടെയെന്ന് പ്രതിപക്ഷം, ആലോചിച്ച് തീരുമാനമെന്ന് പ്രസിഡന്റ് ഹെര്‍സോഗ്

2019ല്‍ ഫയല്‍ ചെയ്ത മൂന്നു കേസുകളിലാണ് നെതന്യാഹു മാപ്പപേക്ഷ നല്‍കിയിരിക്കുന്നത്.
Benjamin Netanyahu, Israel PM
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു Source: X/ Benjamin Netanyahu, Screen Grab
Published on
Updated on

അഴിമതി കേസുകളില്‍ മാപ്പിരന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആറ് വര്‍ഷമായി വിചാരണ നടക്കുന്ന കേസുകളില്‍ മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നെതന്യാഹു പ്രസിഡന്റ് ഇസാക് ഹെര്‍സോഗിന് കത്തയച്ചത്. എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നെതന്യാഹു തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എല്ലാ കേസുകളിലും നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹെര്‍സോഗിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ട്രംപ് കത്തും നല്‍കിയിരുന്നു. പിന്നാലെയാണ് നെതന്യാഹുവിന്റെ നീക്കം. അതേസമയം, വിദഗ്ധോപദേശം സ്വീകരിച്ച ശേഷമാകും പ്രസിഡന്റ് ഹെര്‍സോഗ് തുടര്‍ നടപടി സ്വീകരിക്കുക. നെതന്യാഹുവിന് മാപ്പ് നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

"ഇന്ന് എന്റെ അഭിഭാഷകര്‍ പ്രസിഡന്റിന് ഒരു മാപ്പപേക്ഷ സമര്‍പ്പിച്ചു", എന്നാണ് എക്സില്‍ പോസ്റ്റ് ചെയ്ത ചെറു വീഡിയോയിലൂടെ നെതന്യാഹു അറിയിച്ചത്. "എന്റെ കേസുകളിലെ വിചാരണ ആറ് വര്‍ഷത്തോളമായി തുടരുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ കൂടി അത് തുടരുമെന്നാണ് കരുതുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങളെ പൂര്‍ണമായും ദുര്‍ബലപ്പെടുത്തുന്നതും, കുറ്റവിമുക്തനാക്കുന്നതുമായ തെളിവുകളും സാക്ഷ്യങ്ങളും കോടതിയില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്താണ് എനിക്കെതിരായ തെളിവുകള്‍ രൂപപ്പെടുത്തിയതെന്നത് വ്യക്തമാണ്. എല്ലാ കേസുകളും അവസാനിക്കുന്നതുവരെയും, കുറ്റവിമുക്തനാകുന്നതുവരെയും നിയമപ്രക്രിയ തുടരുക എന്നതായിരുന്നു വ്യക്തിപരമായ താല്‍പ്പര്യം. പക്ഷേ സുരക്ഷാ, രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളും ദേശീയ താല്‍പ്പര്യവും മറ്റൊന്ന് ആവശ്യപ്പെടുന്നു. അസംഖ്യം അവസരങ്ങള്‍ക്കൊപ്പം രാജ്യം വലിയ വെല്ലുവിളികളും നേരിടുന്നുണ്ട്. വെല്ലുവിളികളെ നേരിടാനും, അവസരങ്ങള്‍ യാഥാര്‍ഥ്യമാക്കാനും ദേശീയ ഐക്യം അനിവാര്യമാണ്" -നെതന്യാഹു പറഞ്ഞു.

Benjamin Netanyahu, Israel PM
പങ്കാളി ഹാഫ് ഇന്ത്യൻ, മകൻ്റെ പേരിൽ ശേഖറും; വെളിപ്പെടുത്തലുമായി ഇലോൺ മസ്ക്

2019ല്‍ ഫയല്‍ ചെയ്ത മൂന്നു കേസുകളിലാണ് നെതന്യാഹു മാപ്പപേക്ഷ നല്‍കിയിരിക്കുന്നത്. സമ്പന്ന വ്യവസായികള്‍ക്ക് നി​കു​തി​യി​ള​വ് നി​യ​മ​ം ഉള്‍പ്പെടെ രാ​ഷ്ട്രീ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ നല്‍കിയതിനു പകരമായി നെതന്യാഹുവും ഭാര്യ സാറയും കോടികള്‍ വില വരുന്ന ആഡംബര വസ്തുക്കള്‍, ആഭരണങ്ങള്‍, ഷാംപെയ്ന്‍, സിഗരറ്റുകള്‍ എന്നിവ കൈപ്പറ്റി എന്നതാണ് ഒരു കേസ്. ഇതില്‍ വഞ്ചനാക്കുറ്റങ്ങള്‍ ഉള്‍പ്പെടെയാണ് നെതന്യാഹു നേരിടുന്നത്.

മാധ്യമങ്ങളുമായി അവിശുദ്ധ കൂട്ടുകെട്ട് സ്ഥാപിച്ചു എന്നതാണ് മറ്റു രണ്ട് കേസുകള്‍. അനുകൂല വാര്‍ത്ത നല്‍കണമെന്ന വ്യവസ്ഥയില്‍ ഇസ്രയേല്‍ പത്രമായ യെ​ദി​യോ​ത്ത് അ​ഹ്റോ​നോ​ത്തി​ന്റെ പ്ര​ധാ​ന ഓ​ഹ​രി പ​ങ്കാ​ളി​യും വ്യ​വ​സാ​യിയുമായ ആ​രോ​ൺ മോ​സ​സു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യെ​ന്നാണ് പരാതി. വൈരികളായ ഹയോം പത്രത്തിന്റെ വളര്‍ച്ച തടയുന്ന വിധം നിയമ നിര്‍മാണത്തിനായിരുന്നു യെ​ദി​യോ​ത്ത് അ​ഹ്റോ​നോ​ത്തുമായി കരാര്‍.

ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്പ​നിയായ ബെ​സ​ഖി​ന് സാമ്പത്തിക, വ്യാവസായിക നേട്ടങ്ങള്‍ക്ക് ഉതകുംവിധം നിയമങ്ങളുണ്ടാക്കി എന്നതാണ് മറ്റൊരു കേസ്. ബെസഖ് ചെയര്‍മാന്റെ നിയന്ത്രണത്തിലുള്ള വെബ്സൈറ്റില്‍ അനുകൂല വാര്‍ത്ത നല്‍കണമെന്ന വ്യവസ്ഥയിലും, കൈക്കൂലി വാങ്ങിയുമാണ് നെതന്യാഹു ഇടപെട്ടതെന്നാണ് ആരോപണം.

Benjamin Netanyahu, Israel PM
ആക്രമണം തുടർന്ന് ഇസ്രയേൽ; ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70,000 കടന്നു

നെതന്യാഹുവിന് എത്രയും വേഗം മാപ്പ് നല്‍കണം എന്നാവശ്യപ്പെട്ട് ട്രംപ് കഴിഞ്ഞമാസം ആദ്യം ഹെര്‍സോഗിന് കത്തയച്ചിരുന്നു. അഴിമതി കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നും, പ്രോസിക്യൂഷന്‍ നീതീകരിക്കാനാവാത്തതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ കത്ത്. അതിന്റെ ചുവടുപിടിച്ചാണ് നെതന്യാഹുവിന്റെ മാപ്പപേക്ഷ. 111 പേജുള്ള കത്താണ് നെതന്യാഹുവിന്റെ അഭിഭാഷകര്‍ ഹെര്‍സോഗിന് അയച്ചത്. മാപ്പപേക്ഷയില്‍ എവിടെയും കുറ്റം ചെയ്തതായി നെതന്യാഹു സമ്മതിക്കുന്നില്ല. കുറ്റങ്ങള്‍ നിഷേധിക്കുന്നതിനൊപ്പം അവയൊക്കെയും സൃഷ്ടിച്ചെടുത്തതാണെന്നാണ് നെതന്യാഹുവിന്റെ വാദം.

ഇസ്രയേലിലെ നിയമം അനുസരിച്ച്, കുറ്റവാളികള്‍ക്ക് മാപ്പ്‍ നല്‍കാനും ശിക്ഷായിളവ് നല്‍കാനും പ്രസിഡന്റിന് അധികാരമുണ്ട്. എന്നിരുന്നാലും കോടതി വിധി വരും മുമ്പേ മാപ്പോ, ശിക്ഷായിളവോ നല്‍കുന്നത് അത്യപൂര്‍വമാണ്. അതിനാല്‍ തീരുമാനം വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാപ്പപേക്ഷ ലഭിച്ചതായി ഹെര്‍സോഗിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അസാധാരണ അഭ്യര്‍ഥനയാണ് ലഭിച്ചിരിക്കുന്നത്. അത് കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വിദഗ്ധ അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷം പ്രസിഡന്റ് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ഹെര്‍സോഗിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം, നെതന്യാഹുവിന് മാപ്പുനല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കുറ്റസമ്മതം നടത്താതെയും, പശ്ചാത്താപം പ്രകടിപ്പിക്കാതെയും, അടിയന്തരമായി രാഷ്ട്രീയം ഉപേക്ഷിക്കാതെയും നെതന്യാഹുവിന് മാപ്പ് നല്‍കാനാവില്ലെന്നാണ് പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡിന്റെ പ്രതികരണം. നെതന്യാഹു എത്രയും വേഗം പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാണ് മറ്റൊരു പ്രതിപക്ഷ നേതാവായ യായര്‍ ഗോലാന്റെ പ്രതികരണം. കുറ്റവാളികള്‍ മാത്രമാണ് മാപ്പ് തേടുന്നതെന്നും ഗോലാന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് മികച്ച ഭരണകൂടത്തിനായി പ്രവര്‍ത്തിക്കുന്ന ദി മൂവ്മെന്റ് ഫോര്‍ ക്വാളിറ്റി ഗവണ്‍മെന്റ് ഇന്‍ ഇസ്രയേലും മാപ്പപേക്ഷക്കെതിരെ രംഗത്തെത്തി. കടുത്ത കുറ്റകൃത്യങ്ങളും, വിശ്വാസ വഞ്ചനയും നേരിടുന്ന പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കുന്നത്, നിയമത്തിന് അതീതരായ മനുഷ്യരുണ്ടെന്ന സന്ദേശമാകും നല്‍കുക എന്നാണ് സംഘത്തിന്റെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com