

ജറുസേലം: ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പൂർത്തിയായി. ആർക്കും കേവല ഭൂരിപക്ഷമില്ല. 53 സീറ്റുമായി നെതന്യാഹുവിൻ്റെ തീവ്ര വലത് സഖ്യമാണ് മുന്നിൽ. ഐസൻകോട്ട് നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റും നിർണായക ശക്തിയായി അറബ് പാർട്ടികൾക്ക് 19 സീറ്റുമാണ് ലഭിച്ചത്. 27 സീറ്റുമായി നെതന്യാഹുവിൻ്റെ ലികുഡ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.
ലോകത്തിൻ്റെ തന്നെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇസ്രയേലിൽ നടന്നത്. ഇനി ഒറ്റ ചോദ്യം മാത്രമാണ് അവശേഷിക്കുന്നത് ആരാകും പ്രധാനമന്ത്രിയെന്നത്. 120 സീറ്റുകളുള്ള പാർലമെൻ്റിൽ, അധികാരത്തിലെത്താൻ ആവശ്യമായ 61 സീറ്റെന്ന മാന്ത്രിക സംഖ്യയിലേക്ക്, ഒരു സഖ്യത്തിനും എത്താൻ സാധിക്കാത്തതാണ് ഈ അനിശ്ചിതത്വത്തിന് കാരണം.19 സീറ്റുകളിൽ മുൻതൂക്കം തുടരുന്ന അറബ്-ഇടത് പാർട്ടികളുടെ പിന്തുണയാണ് ഈ ഘട്ടത്തിൽ ഏറെ നിർണായകമാകുന്നത്.
അറബ് പാർട്ടികൾക്കെതിരെ നെതന്യാഹുവും സംഘവും ആരോപണം തുടരുന്നതിനിടെ, രാജ്യത്ത് അറബ് പിന്തുണയുള്ള സർക്കാർ അധികാരത്തിലെത്തണമെന്ന ആവശ്യവും ഇസ്രയേൽ തെരുവുകളിൽ അലയടിക്കുന്നുണ്ട്. ആവശ്യം ഉന്നയിച്ച് ജറുസലേമിലെ പാരീസ് സ്‌ക്വയർ, ടെൽ അവീവിലെ മെസില പാർക്ക്, ഹൈഫയിലെ യുനെസ്കോ സ്‌ക്വയർ എന്നിവടങ്ങളിൽ നൂറുകണക്കിന് പേരാണ് ഒത്തുകൂടിയത്. ഗാസ അനുകൂല ബാനറുകളടക്കം ഉയർത്തി അണിനിരന്ന പ്രതിഷേധക്കാരെ, പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ് ഉണ്ടായത്.