അധികാരത്തിലേക്ക് ആര്? ഇസ്രയേലിൽ നിർണായക ശക്തിയായി അറബ് പാർട്ടികൾ

19 സീറ്റുകളിൽ മുൻതൂക്കം തുടരുന്ന അറബ്-ഇടത് പാർട്ടികളുടെ പിന്തുണയാണ് ഈ ഘട്ടത്തിൽ ഏറെ നിർണായകമാകുന്നത്
Netanyahu, Eisenkot
Netanyahu, EisenkotSource: X
Published on: 
Updated on: 

ലോകം ഏറെ ഉറ്റുനോക്കുന്ന ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴും, ആര് അധികാരത്തിൽ എത്തുമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്.120 സീറ്റുകളുള്ള പാർലമെൻ്റിൽ, അധികാരത്തിലെത്താൻ ആവശ്യമായ 61 സീറ്റെന്ന മാന്ത്രിക സംഖ്യയിലേക്ക്, ഒരു സഖ്യത്തിനും എത്താൻ സാധിക്കാത്തതാണ് ഈ അനിശ്ചിതത്വത്തിന് കാരണം.19 സീറ്റുകളിൽ മുൻതൂക്കം തുടരുന്ന അറബ്-ഇടത് പാർട്ടികളുടെ പിന്തുണയാണ് ഈ ഘട്ടത്തിൽ ഏറെ നിർണായകമാകുന്നത്. 48 സീറ്റുകളിൽ മുന്നേറുന്ന മുഖ്യ പ്രതിപക്ഷ സഖ്യം, അറബ് പാർട്ടികളുടെ പിന്തുണ സ്വീകരിച്ച് അധികാരത്തിലേറുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ, അറബ് പാർട്ടികളുടെ പിന്തുണയിലുള്ള സർക്കാരുമായി സഹകരിക്കില്ലെന്ന നിലപാടുള്ള ബെയ്‌തേനു പാർട്ടിയും പ്രതിപക്ഷ സഖ്യത്തിലുണ്ട്.

ഇതിനിടെ, നിലവിൽ 53 സീറ്റുകളുമായി നേരിയ മുൻതൂക്കം തുടരുന്ന നെതന്യാഹുവിൻ്റെ തീവ്ര വലതു സഖ്യം, തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണവും ഉയർത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട സോഫ്റ്റവെയറുകൾ അടക്കം ഉപയോഗിച്ച് അറബ് പാർട്ടികൾ വോട്ടുകൾ മോഷ്ടിച്ചെന്നാണ് നെതന്യാഹുവിൻ്റെയും ലികുഡ് പാർട്ടിയുടെയും ആരോപണം. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് തെളിവുകൾ സഹിതം പരാതി സമർപ്പിക്കുമെന്നും ലികുഡ് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

Netanyahu, Eisenkot
കേവല ഭൂരിപക്ഷം നേടാനാവാതെ കക്ഷികള്‍; ഇസ്രയേല്‍ തെരഞ്ഞെടുപ്പ് അറബ് പാര്‍ട്ടികള്‍ അട്ടിമറിച്ചെന്ന് നെതന്യാഹു

അറബ് പാർട്ടികൾക്കെതിരെ നെതന്യാഹുവും സംഘവും ആരോപണം തുടരുന്നതിനിടെ, രാജ്യത്ത് അറബ് പിന്തുണയുള്ള സർക്കാർ അധികാരത്തിലെത്തണമെന്ന ആവശ്യവും ഇസ്രയേൽ തെരുവുകളിൽ അലയടിക്കുന്നുണ്ട്. ആവശ്യം ഉന്നയിച്ച് ജറുസലേമിലെ പാരീസ് സ്‌ക്വയർ, ടെൽ അവീവിലെ മെസില പാർക്ക്, ഹൈഫയിലെ യുനെസ്കോ സ്‌ക്വയർ എന്നിവടങ്ങളിൽ നൂറുകണക്കിന് പേർ ഒത്തുകൂടി. ഗാസ അനുകൂല ബാനറുകളടക്കം ഉയർത്തി അണിനിരന്ന പ്രതിഷേധക്കാരെ, പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

നിലവിൽ ഡ്യൂട്ടിയിൽ തുടരുന്ന സൈനികർ, നയതന്ത്രജ്ഞർ തുടങ്ങി നേരിട്ട് വോട്ട് ചെയ്യാൻ സാധിക്കാത്തവരുടെ പ്രത്യേക 'ഡബിൾ എൻവലപ്പ്' വോട്ടുകൾ ലീഡ് നിലയെ ബാധിക്കും. അഞ്ച് ലക്ഷത്തിലധികം വോട്ടുകളാണ് ഈ വിഭാഗത്തിൽ എണ്ണാനുള്ളത്. ഈ വോട്ടുകൾ കൂടി എണ്ണുന്നതോടെ, കൂടുതൽ വ്യക്തത വന്നേക്കും.