WORLD MATTERS | ട്രംപ് ഭരണകൂടത്തിനും മേലെയാണ് യുഎസിലെ ഇസ്രയേല്‍ നയതന്ത്രം

യുഎസിലുള്ള ലോബികളില്‍ മറ്റാരെക്കാളും സമര്‍ഥരാണ് ഇസ്രയേല്‍.
WORLD MATTERS | ട്രംപ് ഭരണകൂടത്തിനും മേലെയാണ് യുഎസിലെ ഇസ്രയേല്‍ നയതന്ത്രം
Published on
Updated on

"Israel had the strongest lobby in Congress of anything or body, or of any company or corporation or state that I’ve ever seen. Today, it doesn’t have that strong a lobby. It’s amazing,"

കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ വാക്കുകളാണിത്. ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന യുദ്ധമാണ് അതിന് കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത്. 'അന്താരാഷ്ട്ര തലത്തില്‍ ഇസ്രയേലിന്റെ പ്രശസ്തിക്ക് അത് കോട്ടം വരുത്തുന്നുണ്ട്. അതുകൊണ്ട് ഇസ്രയേല്‍ സൈന്യം എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണം' എന്നുകൂടി ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രയേലിന് സകല ഒത്താശയും ചെയ്ത് കൂട്ടുനിന്ന്, രണ്ട് മാസങ്ങള്‍ക്കിപ്പുറമായിരുന്നു ട്രംപിന്റെ ഇത്തരമൊരു പ്രഹസനം. ഇസ്രയേല്‍ ലോബിക്ക് വശംവദനാകുന്നില്ലെന്ന് കാണിക്കാനുള്ള സൂത്രം മാത്രമായിരുന്നു അത്. ഇറാന്‍ വീണ്ടും ആക്രമിക്കപ്പെടുകയും, ലോകക്രമം താറുമാറാകുകയും, പരിഹാരം കാണാനാകാതെ ട്രംപ് പരാജിതനായി നില്‍ക്കുകയും ചെയ്യുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. യുഎസിലെ ഇസ്രയേല്‍ ലോബി എക്കാലത്തേക്കാളും ശക്തമാണ്.

ഒരു രാജ്യത്തിന്റെ ഭരണ-നയസംവിധാനത്തെയും, നയ രൂപകര്‍ത്താക്കളെയും സ്വാധീനിച്ചുകൊണ്ടാണ് ലോബികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള ലോബിയിങ് നിയമപരമായി അനുവദിക്കപ്പെട്ട രാജ്യമാണ് യുഎസ്. അവിടെയുള്ള ലോബികളില്‍ മറ്റാരെക്കാളും സമര്‍ഥരാണ് ഇസ്രയേല്‍ ലോബികള്‍. യുഎസ് വിദേശ നയങ്ങളെ സ്വാധീനിക്കാന്‍ ഇസ്രയേല്‍ ഒട്ടനവധി പ്രത്യേക സംഘടനകളും രൂപീകരിച്ചിട്ടുണ്ട്. Conference of Presidents of Major Jewish Organizations (CPMJO), American Israel Public Affairs Committee (AIPAC എയ്‌പാക്) എന്നിവയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കോൺഗ്രസിലും സർക്കാരിലും മാധ്യമമേഖലയിലുമെല്ലാം നിർണായക സ്വാധീനമുണ്ട് ഈ ലോബികള്‍ക്ക്. സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി പ്രസിഡന്റിനെ വരെ ചലിപ്പിക്കാന്‍ ശേഷിയുള്ള സംഘമായാണ് അവയുടെ പ്രവര്‍ത്തനം. സമ്മര്‍ദം, പ്രലോഭനം, ഫണ്ടിങ്, ഭീഷണി എന്നിങ്ങനെ പലവിധത്തിലാണ് അവയുടെ ഓപ്പറേഷന്‍. തെരഞ്ഞെടുപ്പുകളിൽ പാർട്ടികളെയും, സ്ഥാനാർഥികളെയുമൊക്കെ വന്‍ തുക സംഭാവന നൽകിയാണ് വശത്താക്കുന്നത്. അവര്‍ തെരഞ്ഞെടുക്കപ്പെടുന്നതോടെ, സര്‍ക്കാര്‍ തലത്തില്‍ ഇസ്രയേല്‍ താല്‍പ്പര്യങ്ങള്‍ കൂടിയാണ് സംരക്ഷിക്കപ്പെടുക.

WORLD MATTERS | ട്രംപ് ഭരണകൂടത്തിനും മേലെയാണ് യുഎസിലെ ഇസ്രയേല്‍ നയതന്ത്രം
WORLD MATTERS | ഇറാനില്‍ തോറ്റെന്ന് ട്രംപ് സമ്മതിക്കുമോ?

യുഎസില്‍ മാത്രമല്ല, യുഎസിന് നിര്‍ണായക സ്വാധീനമുള്ള രാജ്യാന്തര സംഘടനകളില്‍ വരെ കാര്യങ്ങള്‍ ഇസ്രയേലിന് അനുകൂലമായിരിക്കും. ഇസ്രയേല്‍ രൂപീകരിച്ച നാള്‍ മുതല്‍, ലോകരാജ്യങ്ങള്‍ക്കിടയില്‍ അവരുടെ ഏറ്റവും വലിയ സംരക്ഷകന്‍ യുഎസ് ആണ്. യുദ്ധമോ, ഉപരോധമോ തുടങ്ങി ഇസ്രയേലിന്റെ സകല തെമ്മാടിത്തരങ്ങള്‍ക്കും അന്നുമിന്നും തുണ നില്‍ക്കുന്നതും യുഎസ് തന്നെയാണ്. രാജ്യാന്തര തലത്തില്‍ എന്തൊക്കെ വിമര്‍ശനം ഉയര്‍ന്നാലും, ഐക്യരാഷ്ട്ര സഭയില്‍ എത്രയൊക്കെ പ്രമേയം വന്നാലും വീറ്റോ അധികാരമുള്ള യുഎസിന്റെ തണലില്‍ ഇസ്രയേല്‍ സുരക്ഷിതമാണ്. ആ സുരക്ഷിതത്വമാണ് ഇറാഖിലേക്കും, സിറിയയിലേക്കും ലെബനനിലേക്കും പലസ്തീനിലേക്കും ഇറാനിലേക്കുമെല്ലാം മിസൈല്‍ തൊടുക്കാനും വംശഹത്യ നടത്താനും ഇസ്രയേലിന് ധൈര്യം പകരുന്നത്.

യുഎസ് സകല യുദ്ധങ്ങളും തുടങ്ങുന്നതും, തുടരുന്നതും ഇസ്രയേലിനു വേണ്ടി മാത്രമാണ്. അതുകൊണ്ടാണ് യുഎസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചാല്‍ പോലും അതൊന്നും അവസാനിക്കാത്തത്. രാജ്യാന്തര സമൂഹത്തിലെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി യുഎസ് സമാധാന മാര്‍ഗം തേടിയാല്‍ പോലും അന്തിമഫലം ഇസ്രയേലിന് അനുകൂലമായിരിക്കും എന്നതാണ് ചരിത്രം. ഇറാന്‍ യുദ്ധത്തിന്റെ കാര്യത്തിലും അത് തന്നെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇറാന്‍ എന്തുകൊണ്ട് ആക്രമിക്കപ്പെട്ടു എന്ന ചോദ്യത്തിന്, ട്രംപ് എത്രയെത്ര കാരണങ്ങള്‍ പറഞ്ഞു. പറഞ്ഞതു എത്രയോ തവണ മാറ്റിപ്പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും അങ്ങനെ തന്നെ. യാതൊരു നിശ്ചയവുമില്ലാത്ത മറുപടികള്‍.

പക്ഷേ, ട്രംപ് പറഞ്ഞില്ലെങ്കിലും നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ സ്ഥാനം രാജിവച്ച ജോ കെന്റ് യഥാര്‍ഥ കാരണം പറഞ്ഞു. ഇറാൻ യുഎസിന് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ല. ഈ യുദ്ധം യുഎസിനു വേണ്ടിയല്ല, ഇസ്രയേലിനു വേണ്ടിയാണ്. ഇസ്രയേലിന്റേയും അവരുടെ യുഎസ് ലോബിയുടേയും സമ്മര്‍ദം മൂലമാണ് യുദ്ധം ആരംഭിച്ചത്. ഇസ്രയേലിന് വേണ്ടി യുഎസ് പണവും, സൈനികരുടെ ജീവനും ബലികൊടുത്ത് നടത്തുന്ന യുദ്ധം. മനഃസാക്ഷിയുള്ളവർക്ക് ഈ യുദ്ധത്തെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് തുറന്നുപറഞ്ഞാണ് കെന്റ് സേവനം അവസാനിപ്പിച്ചത്.

WORLD MATTERS | ട്രംപ് ഭരണകൂടത്തിനും മേലെയാണ് യുഎസിലെ ഇസ്രയേല്‍ നയതന്ത്രം
WORLD MATTERS | ഇറാനില്‍ തെറ്റിയും തെന്നിയും ട്രംപ്; പറയുന്നതേറെയും അബദ്ധങ്ങള്‍

യുഎസ് യുദ്ധനയം കണ്ടും കേട്ടും ബോധിച്ചതിന്റെ മാത്രം അടിസ്ഥാനത്തിലായിരുന്നില്ല കെന്റിന്റെ വാക്കുകള്‍. സ്വന്തം അനുഭവങ്ങള്‍ കൂടി ആ തീരുമാനത്തിന് കാരണമായിരുന്നിരിക്കണം. 2019ല്‍ ട്രംപ് പ്രസിഡന്റായിരിക്കെ സിറിയയില്‍ നടന്ന യുദ്ധത്തിനിടെയാണ് കെന്റിന് ഭാര്യ ഷനോന്‍ മേരി കെന്റിനെ നഷ്ടമായത്. യുഎസ് സൈനികരെ ലക്ഷ്യമിട്ട് നടത്തിയ ചാവേര്‍ ആക്രമണത്തിലാണ് യുഎസ് നേവിയിലെ ക്രിപ്റ്റോലോജിക് ടെക്നീഷ്യനായിരുന്ന ഷനോന്‍ കൊല്ലപ്പെട്ടത്. അന്നും ട്രംപും യുഎസ് ഭരണകൂടവും ഇസ്രയേലിനു വേണ്ടി അനാവശ്യ ബാധ്യതകള്‍ പേറുകയായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, പശ്ചിമേഷ്യയിൽ തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ യുഎസ് കൂടെക്കൂട്ടിയ സഖ്യകക്ഷിയാണ് ഇസ്രയേല്‍. അന്നുമുതല്‍ ഇന്നുവരെ യുഎസ് ഭരണകൂടം ഇസ്രയേല്‍ ലോബിക്കും, താല്‍പ്പര്യങ്ങള്‍ക്കും വിധേയമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അത് അങ്ങനെ തുടരും. നയതന്ത്രബന്ധങ്ങള്‍ക്കപ്പുറം സൈനിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ അത്രത്തോളം ദൃഢമാണ് ഇരു രാജ്യങ്ങളുടെയും സഹകരണം. അത്യാധുനിക ആയുധങ്ങൾ, സൈനിക സാങ്കേതികവിദ്യ, സംയുക്ത പരിശീലനങ്ങൾ ഉള്‍പ്പെടെ കോടിക്കണക്കിന് ഡോളറിന്റെ സൈനിക സഹായമാണ് യുഎസ് ഇസ്രയേലിന് നല്‍കിവരുന്നത്.

10 വർഷത്തേക്ക് 38 ബില്യൺ ഡോളറിന്റെ സൈനിക സഹായം ലഭ്യമാക്കുന്ന കരാറില്‍ 2019ല്‍ യുഎസ് ഒപ്പുവച്ചിട്ടുമുണ്ട്. ദ്വികക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നതിനൊപ്പം, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പ് മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ധാരണയുണ്ട്. പരസ്പരം നേട്ടമുണ്ടാക്കുന്ന തരത്തിലാണ് കരാറുകള്‍. അതുകൊണ്ടാണ് മൊത്തം അറബ് ലോകം മറുചേരിയില്‍ നില്‍ക്കുമ്പോഴും യുഎസ് ഇസ്രയേലിനെ ചേര്‍ത്തുനിര്‍ത്തുന്നത്. ആ തണലില്‍ നിന്നുകൊണ്ടാണ് ഇസ്രയേല്‍ ലോകത്തെ കുട്ടിച്ചോറാക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com