ബന്ദികളെ വിട്ടയയ്ക്കാന്‍ ഹമാസ് തയ്യാര്‍; ഇസ്രയേല്‍ എത്രയും വേഗം ആക്രമണം അവസാനിപ്പിക്കണം: ട്രംപ്

ട്രംപിന്റെ സമാധാന പദ്ധതി നിർദേശങ്ങൾ പാലിച്ച് ഇസ്രയേല്‍ ആദ്യ ഘട്ട നടപടികള്‍ ആരംഭിച്ചതായാണ് വിവരം.
Trump and Nethanyahu
ഡൊണാള്‍ഡ് ട്രംപ്, ബെഞ്ചമിന്‍ നെതന്യാഹു
Published on

ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസ സമാധാന പദ്ധതി പ്രകാരം ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ നിര്‍ദേശം. സമാധാന പദ്ധതി അംഗീകരിക്കാന്‍ ഞായറാഴ്ച വരെയാണ് ഹമാസിന് ട്രംപ് സമയം നല്‍കിയിരുന്നത്. അല്ലാത്തപക്ഷം, ഗുരുതര ഭവിഷ്യത്ത് ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, ഗാസ പദ്ധതിയുടെ ആദ്യ ഘട്ടം എത്രയും വേഗം നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വളരെ സവിശേഷമായ ഒരു ദിവസമാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പ്രതികരിച്ചു. ഈ യുദ്ധം അവസാനിപ്പിക്കണമെന്നും, പശ്ചിമേഷ്യയിൽ സമാധാനം പുലരണമെന്നും എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നു. അത് നേടിയെടുക്കുന്നതിന്‍റെ അരികിലാണ്. ശാശ്വത സമാധാനമാണ് ഹമാസ് ആഗ്രഹിക്കുന്നതെന്നാണ് മനസിലാക്കാനാകുന്നത്. ഇനിയുള്ള ഉത്തരവാദിത്തം ഇസ്രയേലിനാണ്. ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ എത്രയും വേഗം അവസാനിപ്പിക്കണം. അങ്ങനെയെങ്കില്‍ ബന്ദികളായവരെ എത്രയും വേഗം, സുരക്ഷിതരായി തിരികെയെത്തിക്കാം. പരിഹരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. ഗാസയെക്കുറിച്ച് മാത്രമല്ല, കാലങ്ങളായി മിഡില്‍ ഈസ്റ്റില്‍ കണ്ടെത്താന്‍ ആഗ്രഹിച്ചിരുന്ന സമാധാനത്തെക്കുറിച്ച് കൂടിയാണ് ചര്‍ച്ച ചെയ്യുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. സമാധാന പദ്ധതിയോട് ഹമാസ് അനുകൂലമായി പ്രതികരിച്ചതിനു പിന്നാലെയാണ് പ്രതികരണം.

Trump and Nethanyahu
"ബന്ദികളെ വിട്ടയക്കാം"; ട്രംപിൻ്റെ ഗാസ പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ്

ട്രംപിന്റെ സമാധാന പദ്ധതി നിർദേശങ്ങൾ പാലിച്ച് ഇസ്രയേല്‍ ആദ്യ ഘട്ട നടപടികള്‍ ആരംഭിച്ചതായാണ് വിവരം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗാസയിലെ ആക്രമണം കുറയ്ക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാത്രം മതിയെന്നാണ് നിര്‍ദേശം. അതനുസരിച്ച്, ഗാസ കീഴടക്കാനുള്ള സൈനിക നടപടികള്‍ നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെയും സംഘത്തിന്റെയും ശ്രമങ്ങളുമായി സഹകരിക്കുമെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

Trump and Nethanyahu
ഒന്നുകില്‍ കരാറില്‍ ഒപ്പിടുക, അല്ലെങ്കില്‍ സര്‍വനാശം നേരിടുക; ഹമാസിന് അന്ത്യശാസനവുമായി ഡൊണാള്‍ഡ് ട്രംപ്

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും, മേഖലയുടെയാകെ സമാധാനത്തിനുമായി 20 ഇന പദ്ധതിയാണ് ട്രംപ് മുന്നോട്ടുവച്ചത്. ട്രംപിന്റെ നിര്‍ദേശങ്ങളോട് അനുകൂലമായി പ്രതികരിച്ച ഹമാസ് മുഴുവൻ ഇസ്രയേലി ബന്ദികളെയും വിട്ടയയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. അതേസമയം, നിരായുധീകരണം ഉള്‍പ്പെടെ കാര്യങ്ങളില്‍ ഹമാസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. പദ്ധതിയിലെ മിക്ക കാര്യങ്ങളും അംഗീകരിക്കുന്നുണ്ടെന്നും, എന്നാൽ ചില വ്യവസ്ഥകളിൽ കൂടുതൽ ചർച്ച വേണമെന്നുമാണ് ഹമാസിന്റെ പക്ഷം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com