
ടെൽ അവീവ്: ഗാസയിൽ യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ നിർദേശങ്ങളോട് പ്രതികരിക്കാതെ നിരായുധരായ അഭയാർഥികളെ നിർദയം കൊന്നൊടുക്കുകയാണ് ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഇസ്രയേൽ. 60 ദിവസത്തെ താൽക്കാലിക വെടിനിർത്തലിലൂടെ ഹമാസ് ബന്ദികളാക്കിയ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്ന 50 ഇസ്രയേൽ പൗരൻമാരെ രണ്ട് ഘട്ടങ്ങളിലായി മോചിപ്പിക്കാനാണ് യുഎസ് നീക്കം.
ഇസ്രയേൽ സർക്കാർ ഹമാസുമായി കരാറിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ആളുകൾ ടെൽ അവീവിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒത്തുകൂടിയെങ്കിലും നെതന്യാഹുവോ മറ്റു സർക്കാർ നേതാക്കളോ ഇതോട് പരസ്യ പ്രതികരണമൊന്നും ഇതേവരെ നടത്തിയിട്ടില്ല. സെൻട്രൽ ഗാസയിലെ നുസേറത്ത് ഭക്ഷണവിതരണ കേന്ദ്രത്തിൽ മാത്രം ഇന്ന് ഏഴു പേരെ ഇസ്രയേൽ സൈന്യം വെടിവെച്ചു കൊന്നു.
2023 ഒക്ടോബറിൽ ഹമാസ്-ഇസ്രയേൽ ഏറ്റുമുട്ടൽ ആരംഭിച്ച ശേഷം 62,000ത്തിന് മുകളിൽ പലസ്തീനുകാരാണ് കൊല്ലപ്പെട്ടതെന്ന് ഗാസ സർക്കാർ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 18,885 പേർ കുട്ടികളാണെന്നതും ഗുരുതരമായ യുദ്ധക്കുറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
താൽക്കാലിക വെടിനിർത്തൽ ആവശ്യങ്ങൾക്കിടയിലും ഗാസയിലെ ഭക്ഷണ-സഹായ വിതരണ കേന്ദ്രങ്ങളിൽ ഇസ്രയേലിൻ്റെ നരവേട്ട നിർബാധം തുടരുകയാണ്. ചൊവ്വാഴ്ച മാത്രം 50 പേരും കൊല്ലപ്പെട്ടു. ഇന്ന് ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 11.30 വരെ 28 പേരെയാണ് ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത്.
അതേസമയം, ദക്ഷിണ ഗാസയിൽ ഹമാസ് കമാൻഡറെ മുഹമ്മദ് നൈഫ് അബു ഷമാലയെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസിൻ്റെ സൈനിക വിങ്ങായ നുഖ്ബ കമ്പനിയുടെ കമാൻഡറാണ് ഇയാളെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ഗാസയിലെ ഖാൻ യൂനിസിൽ വെച്ചാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.