
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിനെ അനുകൂലിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇതോടെ പശ്ചിമേഷ്യക്ക് മുകളിലായി ആഴ്ചകളായി മൂടി നിന്നിരുന്ന ഗ്ലോബൽ വാർ എന്ന ആശങ്കയുടെ കരിമ്പടം നീങ്ങുകയാണ്. ഇറാനെതിരായ ആക്രമണമായ 'ഓപ്പറേഷൻ റൈസിംഗ് ലയണി'ലൂടെ എല്ലാ ലക്ഷ്യങ്ങളും ഇസ്രയേൽ നേടിയെന്ന് നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു. ആണവ, ബാലിസ്റ്റിക് മിസൈൽ മേഖലകളിലെ അടിയന്തരാവസ്ഥ നെതന്യാഹു പിൻവലിക്കുകയും ചെയ്തു.
അതേസമയം, ഇറാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്ന ഏതൊരു സാഹചര്യത്തിലും ഇസ്രയേൽ സൈന്യം ശക്തമായി തിരിച്ചടിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. "ഓപറേഷൻ്റെ ലക്ഷ്യങ്ങൾ നേടിയതിൻ്റെ വെളിച്ചത്തിലും, യുഎസ് പ്രസിഡൻ്റ് ട്രംപിൻ്റെ തീരുമാനങ്ങളോട് പൂർണമായി യോജിച്ചുകൊണ്ട്, ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്താനുള്ളനിർദേശത്തെ ഇസ്രയേൽ പിന്തുണയ്ക്കുന്നു," നെതന്യാഹു വ്യക്തമാക്കി.
കൂടാതെ ഇസ്രയേൽ സൈന്യം തെഹ്‌റാനിലെ ആകാശത്ത് പൂർണ വ്യോമ നിയന്ത്രണം നേടിയെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഞങ്ങൾ ഇറാൻ്റെ സൈനിക നേതൃത്വത്തിന് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിക്കഴിഞ്ഞു. മധ്യ ഇറാനിലെ ഡസൻ കണക്കിന് സർക്കാർ കേന്ദ്രങ്ങൾ നശിപ്പിച്ചു" എന്ന് അത് പറഞ്ഞു.
അതേസമയം, ഇറാൻ സർക്കാരിൻ്റെ പ്രതിനിധികൾ ആരും ട്രംപിൻ്റെ നിർദേശത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ തയ്യാറായാൽ വെടിനിർത്തലിന് ഒരുക്കമാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ പ്രതികരണമൊന്നും ഇതേവരെ പുറത്തുവന്നിട്ടില്ല.