ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ലയേയും സഹയാത്രകരേയും വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിൻ്റെ വിക്ഷേപണം ഈ മാസം തന്നെ ഉണ്ടാകുമെന്ന് ഐഎസ്ആർഒ.ആക്സിയം 4 ൻ്റെ വിക്ഷേപണം ഈ മാസം 19 ന് നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും, അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാകാനാണ് 39-കാരനായ ശുഭാൻഷു ശുക്ല തയ്യാറെടുക്കുന്നത്.
റോക്കറ്റിൻ്റെ സാങ്കേതിക തകരാർ കാരണമാണ് ദൗത്യം മാറ്റിവെച്ചത്. സാങ്കേതിക തകരാറുകൾ പരിഹരിച്ച് കഴിഞ്ഞാൽ പുതിയ വിക്ഷേപണ തീയതി അറിയിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിക്ഷേപണ തീയതി പുറത്തുവിട്ടത്.
മെയ് 29 ന് ആണ് ആദ്യം ദൗത്യം നടത്താൻ തീരുമാനിച്ചത്. സാങ്കേതിക തകരാർ കാരണം ജൂൺ 8, ജൂൺ 10, ജൂൺ 11 എന്നീ തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും ദൗത്യം പിന്നെയും നീളുകയായിരുന്നു.
ആക്സിയം സ്പേസ്, നാസ, സ്പേസ് എക്സ്, ഐഎസ്ആർഒ എന്നിവരുടെ സംയുക്ത പരിശ്രമമാണ് ആക്സിയം -4 ദൗത്യം. ശുഭാൻഷു അടക്കമുള്ള നാലംഗ സംഘം രണ്ടാഴ്ച ബഹിരാകാശത്ത് ചിലവഴിച്ച ശേഷമാകും തിരികെയെത്തുക. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, മിഷൻ സ്പെഷ്യലിസ്റ്റുകളായ പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി വിസ്നിയേവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.