ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന ആസ്ഥാനം പുനസ്ഥാപിക്കാൻ സഹായം തേടി ഭീകര സംഘടനയായ ജെയ്‌ഷെ മൊഹമ്മദ്. റിക്രൂട്ട്‌മെൻ്റിനും പരിശീലനത്തിനും ഭീകര ക്യാമ്പ് പുനർനിർമിക്കുന്നതിനുമാണ് ജെയ്‌ഷെ മൊഹമ്മദ് സഹായം തേടിയത്.
സോഷ്യൽ മീഡിയയിൽ ഉറുദുവിൽ പങ്കിട്ട പോസ്റ്റിലാണ് സഹായ അഭ്യർഥന നടത്തിയത്. ഭൂമിയെ പറുദീസയാക്കി മാറ്റാനുള്ള ശ്രമത്തിന് വേണ്ടി സഹായം വേണമെന്നാണ് ജെയ്‌ഷെ മൊഹമ്മദ് കുറിച്ചത്. സംഘടനാ തലവൻ മുഫ്തി അബ്ദുൾ റൗഫ് അസ്ഗറിൻ്റെ പേരിലാണ് സഹായം തേടുന്നത്.
പാകിസ്ഥാൻ്റെ തെക്കൻ പഞ്ചാബ് പ്രവിശ്യയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ബഹവൽപൂരിലെ ജെയ്ഷെ ആസ്ഥാനം. 2015-ലാണ് ബഹവൽപൂരിലെ ജെയ്ഷെ ആസ്ഥാനം സ്ഥാപിച്ചത്. ഓപ്പറേഷൻ സിന്ദൂറിനിടെയാണ് പാകിസ്ഥാനിലെ ബഹവൽപൂരിലെ ജെയ്‌ഷെ മൊഹമ്മദ് ആസ്ഥാനം തകർന്നത്. മൌലാന മസദ് അസറിൻ്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ജെയ്‌ഷെ മൊഹമ്മദ് (ജെഇഎം)ആണെന്നതിന് ഇന്ത്യ തെളിവുകൾ പുറത്തുവിട്ടിരുന്നു. 2001ലെ പാർലമെൻ്റ് ആക്രമണം, 2016ലെ പത്താൻകോട്ട് ഭീകരാക്രമണം, 2019ലെ പുൽവാമ ചാവേർ സ്‌ഫോടനവും നടത്തിയത് ജെയ്‌ഷെ മൊഹമ്മദാണ് എന്നതിനുള്ള തെളിവുകളാണ് പുറത്തുവന്നത്.