ബംഗ്ലാദേശിൽ ഫാക്ടറി ഉടമയും പത്രപ്രവർത്തകനുമായ യുവാവിനെ വെടിവച്ചു കൊന്ന് ബൈക്കിലെത്തിയ സംഘം. നിരവധി കേസുകളിലെ പ്രതിയാണ് മരിച്ച റാണാ പ്രതാപ്.
തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ തെക്കുപടിഞ്ഞാറൻ ബംഗ്ലാദേശിലെ കോപാലിയ ബസാർ പ്രദേശത്തുവെച്ചായിരുന്നു കൊലപാതകം. രണ്ട് വർഷമായി കോപാലിയ ബസാറിൽ ഒരു ഐസ് ഫാക്ടറി നടത്തുകയായിരുന്ന റാണാ പ്രതാപിനെ ബൈക്കിലെത്തിയ സംഘം ഐസ് ഫാക്ടറിയിൽ നിന്ന് വിളിച്ചിറക്കി ഒരു ഇടവഴിയിലേക്ക് കൊണ്ടുപോയി തലയ്ക്ക് വെടിവക്കുകയായിരുന്നു. ബൈക്കിലെത്തിയ ആളുകളും റാണാ പ്രതാപും തമ്മിൽ സംഭവത്തിന് മുമ്പ് തർക്കം നടന്നതായും സംഭവത്തിന് ദൃക്സാക്ഷിയായ പ്രദേശവാസി പറഞ്ഞു. ഇതേ തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ജഷോറിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രതാപിനെതിരെ നിരവധി കേസുകൾ ഉള്ളതായും കൂടാതെ ഇയാൾക്ക് ഒരു തീവ്രവാദ ഗ്രൂപ്പുമായും ബന്ധമുണ്ടായിരുന്നതായും പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.