

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ഒലി ശർമ അറസ്റ്റിൽ. കഴിഞ്ഞ വർഷം നേപ്പാളിൽ നടന്ന ജെൻ സീ പ്രതിഷേധങ്ങളെ അടിച്ചമർത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഒലിയോടൊപ്പം മുൻ ആഭ്യന്തരമന്ത്രി രമേശ് ലേഖക്കും അറസ്റ്റിലായി പുതിയ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്.
ഒലിയുടെ അറസ്റ്റിന് ശേഷം വാഗ്ദാനം ഒരു വാഗ്ദാനമാണെന്ന് പറഞ്ഞ നിലവിലെ ആഭ്യന്തര മന്ത്രി സുഡാൻ ഗുരുങ്, ആരും നിയമത്തിന് അതീതരല്ലെന്നും വ്യക്തമാക്കി. ഇത് ആരോടുമുള്ള പ്രതികാരമല്ല. നീതിയുടെ തുടക്കം മാത്രമാണ്. ഇനി രാജ്യം ഒരു പുതിയ ദിശയിലേക്ക് നീങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം ഒരു എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
അതേസമയം, തന്നെ പ്രതികാര നടപടിയുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തെന്ന് അറസ്റ്റിന് ശേഷം പ്രതികരിച്ച ഒലി ശർമ പറഞ്ഞു. ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന ജെൻ സീ കലാപത്തിനിടെ രണ്ട് ദിവസത്തിനിടെ 70-ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്നാണ് ഒലി സർക്കാരിൻ്റെ പതനം.
റാപ്പറും രാഷ്ട്രീയക്കാരനുമായ ബാലേന്ദ്ര ഷാ അടുത്തിടെ നടന്ന നേപ്പാൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് തൊട്ടുപിന്നാലെ, അഴിമതി വിരുദ്ധ പ്രതിഷേധത്തിനിടെയുണ്ടായ അക്രമങ്ങൾ അന്വേഷിക്കാൻ ഒരു പാനൽ രൂപീകരിച്ചു. വെള്ളിയാഴ്ച ബാലേന്ദ്ര ഷായുടെ അധ്യക്ഷതയിൽ ചേർന്ന നേപ്പാളിലെ പുതുതായി രൂപീകരിച്ച സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം, പ്രക്ഷോഭത്തിനിടെ അശ്രദ്ധ കാണിച്ചതിന് ഒലി, ലേഖക് എന്നിവരുൾപ്പെടെ ഉത്തരവാദികളായവർക്ക് പരമാവധി 10 വർഷം വരെ തടവ് ശിക്ഷ നൽകാൻ ശുപാർശ ചെയ്യുകയും ഉന്നതതല കമ്മീഷൻ്റെ അന്വേഷണ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുവാനും തീരുമാനിച്ചു.
അന്നത്തെ നേപ്പാൾ പൊലീസ് ഇൻസ്പെക്ടർ ജനറൽ ചന്ദ്ര കുബേർ ഖപുങ് ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും അന്വേഷണ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.