

ലിമ: വലതുപക്ഷ നേതാവായ കെയ്കോ ഫുജിമോറിയെ പെറുവിലെ നാലാമത്തെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. ആഴ്ചകൾ നീണ്ട അവലോകനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു പ്രഖ്യാപനം. ജൂൺ 7 ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 50 ശതമാനം വോട്ടുകൾ നേടിയാണ് ഫുജിമോറി വിജയിച്ചത്. ജൂലൈ 20 ന് സത്യപ്രതിജ്ഞ ചെയ്ത് ഫുജിമോറി അധികാരമേൽക്കും.
രാജ്യത്തെ ഔദ്യോഗിക തെരഞ്ഞെടുപ്പ് അതോറിറ്റിയായ ഒൻപിഇ തർക്കത്തിൽ ആയിരുന്ന വോട്ടുകൾ പരിശോധിച്ച് തീർപ്പാക്കിയതോടെയാണ് അന്തിമഫലം പ്രഖ്യാപിച്ചത് 49,641 വോട്ടുകളുടെ വ്യത്യാസത്തിലാണ് ഫുജിമോറിയുടെ വിജയം. 2021 ൽ ഇടത് സ്ഥാനാർഥിയായിരുന്ന പെഡ്രോ കാസ്റ്റിലോയോട് 45,000 വോട്ടുകൾക്ക് ഫുജിമോറി പരാജയപ്പെട്ടിരുന്നു.
അന്തരിച്ച മുൻ പ്രസിഡന്റ് അൽബർട്ടോ ഫുജിമോറിയുടെ മകളാണ് കെയ്കോ.1990 കളിൽ പെറുവിൽ ഏകാധിപത്യ ഭരണം നടത്തിയ വ്യക്തിയാണ് ആൽബർട്ടോ ഫ്യുജിമോറി. അതുകൊണ്ടുതന്നെ കെയ്കോയുടെ വിജയം രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും എന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് കെയ്കോ ഫ്യുജിമോറി നൽകിയിരിക്കുന്നത്.