

കിം ജോങ് ഉൻ തന്‍റെ അനന്തരാവകാശിയായി കൗമാരക്കാരിയായ മകളെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. ദക്ഷിണകൊറിയൻ ചാര സംഘടനയായ നാഷണൽ സർവീസ് ഇന്‍റലിജൻസ് സർവീസിന്‍റേതാണ് റിപ്പോർട്ട്. കൗമാരക്കാരിയായ കിം ജു-എ ഉത്തരകൊറിയൻ ഭരണാധികാരിയുടെ അനന്തരാവകാശിയാകും എന്നാണ് എൻഐഎസ് സാഹചര്യത്തെളിവുകൾ നിരത്തി വാദിക്കുന്നത്.
നോർത്ത് കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ, ഈ മാസം അവസാനം നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ കിം ജു-എ പങ്കെടുക്കുമോ എന്നാണ് ദക്ഷിണ കൊറിയൻ ഏജൻസി നിരീക്ഷിക്കുന്നത്. തലസ്ഥാനമായ പോങ്യാങിലാണ് പാർട്ടി കോൺഗ്രസ് നടക്കുക. കിം ജോങ് ഉന്‍റെ പിൻഗാമിയാകാനുള്ള പരിശീലനം കിം ജു-എയ്ക്ക് ലഭിച്ചതായി എൻഐഎസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഭരണാധികാരിയാകാനുള്ള പ്രായം കിം ജു-എയ്ക്ക് ആയി എന്നും ദക്ഷിണകൊറിയൻ ഏജൻസി വിലയിരുത്തുന്നു.
ഔദ്യോഗിക പരിപാടികളിലെ അവരുടെ നിരന്തര സാന്നിധ്യം ഉൾപ്പെടെ നിരവധി സാഹചര്യങ്ങൾ കണക്കിലെടുത്താണ് വിലയിരുത്തലെന്ന് ഒരു നിയമസഭാംഗവും വ്യക്തമാക്കി. കഴിഞ്ഞ വർഷം കിമ്മിനൊപ്പം ബീജിംഗിലേക്കുള്ള ഒരു ഉന്നതതല സന്ദർശനത്തിലും കിം ജു-എ പങ്കെടുത്തിരുന്നു.
കിം ജോങ് ഉന്നിൻ്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് സഹോദരിയായ കിം യോ ജോംഗ് അധികാരത്തിലേക്കെത്തിയേക്കുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതിനെ തള്ളുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. കിം ജോങ് ഉന്നിൻ്റെ ഏറ്റവും വിശ്വസ്തരായ അനുയായികളിൽ ഒരാൾ കൂടിയായ സഹോദരി കിം ജോങിനേക്കാൾ ക്രൂരയാണെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ഈ മാസം അവസാനം നടക്കാനിരിക്കുന്ന വർക്കേഴ്സ് പാർട്ടി യോഗത്തിൽ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.