

ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയുമായി നവംബർ 21 വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.ന്യൂയോർക്ക് സിറ്റിയിലെ കമ്മ്യൂണിസ്റ്റ് മേയർ സൊഹ്റാൻ "ക്വാമെ" മംദാനി ഒരു കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇതിനെപ്പറ്റി ട്രംപിൻ്റെ പ്രതികരണം.കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് പറഞ്ഞു.
മേയർ തെരഞ്ഞെടുപ്പിന് മുമ്പ് മംദാനിയെ അതിരൂക്ഷമായി വിമർശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. മംദാനി വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിൻ്റെ സമ്പൂർണവുമായ സാമ്പത്തിക, സാമൂഹിക ദുരന്തമായിരിക്കുമതെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
കുടിയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിച്ച ട്രംപിനെ തൻ്റെ വിജയ പ്രസംഗത്തിൽ മംദാനിയും വെല്ലുവിളിച്ചിരുന്നു. ന്യൂയോർക്ക് കുടിയേറ്റക്കാരാൽ ശക്തിപ്പെടുത്തപ്പെടുമെന്നും, ഒരു കുടിയേറ്റക്കാരനാണ് നയിക്കാൻ പോകുന്നതെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ വെല്ലുവിളി.
ട്രംപിനെ തടയുക മാത്രമല്ല അടുത്തയാളെ തടയുക എന്നതാണ് പ്രധാനമെന്നും മംദാനി പറഞ്ഞിരുന്നു . എന്നാൽ ,മംദാനിയുടെ വിജയ പ്രസംഗത്തെ ദേഷ്യത്തോടെയുള്ള പ്രസംഗം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിൻ്റേത് മോശം തുടക്കമാണെന്നും വാഷിംഗ്ടണിനോട് ബഹുമാനമില്ലെങ്കിൽ വിജയിക്കാൻ ഒരു സാധ്യതയുമില്ലെന്നായിരുന്നു ട്രംപിൻ്റെ മറുപടി.
മംദാനിയുടെ വിജയശേഷം മംദാനി നന്നായി പ്രവർത്തിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും കാരണം ന്യൂയോർക്ക് തനിക്ക് വളരെ ഇഷ്ടമാണെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. കമ്മ്യൂണിസമോ ആ ആശയമോ വർഷങ്ങളായി ഇവിടെ പ്രാവർത്തികമായിട്ടില്ലെന്നും ഇത്തവണ അത് ഉണ്ടാകുമോയെന്ന് താൻ സംശയിക്കുന്നതായും ട്രംപ് ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും രാഷ്ട്രീയ പ്രമുഖനും ട്രംപ് പിന്തുണ പ്രഖ്യാപിച്ചയാളുമായ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ ക്യൂമോയെയും പരാജയപ്പെടുത്തിയാണ് മംദാനി ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യൻ വംശജനായ മംദാനി പ്രശസ്ത ചലച്ചിത്ര പ്രവർത്തക മീര നായരുടെയും കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസർ മഹ്മൂദ് മംദാനിയുടെയും മകനാണ്. ഉഗാണ്ടയിലെ കമ്പാലയിൽ ജനിച്ചു വളർന്ന അദ്ദേഹം 7 വയസുള്ളപ്പോളാണ് കുടുംബത്തോടൊപ്പം ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറിയത്. അടുത്തിടെയാണ്, മംദാനി യുഎസ് പൗരത്വം നേടിയത്.