ഡോക്ടര്‍മാര്‍ വിധിച്ചത് 20 വര്‍ഷം ആയുസ്; 58 വര്‍ഷം കൂടി കൂട്ടിയെഴുതി മാര്‍ത്ത ലിലാര്‍ഡ്

യുഎസിലെ അവസാന പോളിയോ ബാധിതയായി മാര്‍ത്ത ലിലാര്‍ഡ് വിട പറയുമ്പോൾ, ചരിത്രം ചില കാര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നുണ്ട്.
Martha Lillard
മാര്‍ത്ത ലിലാര്‍ഡ്News Malayalam 24X7
Published on
Updated on

യുഎസിൽ പതിനായിരക്കണക്കിന് കുട്ടികൾ പോളിയോ ബാധിച്ച് തളർന്നുവീഴുന്ന കാലം. രണ്ടായിരവും മൂവായിരവുമൊക്കെ ആയിരുന്നു ഒരു വർഷത്തെ മരണനിരക്ക്. അത്തരമൊരു കാലത്താണ് അഞ്ചു വയസുകാരി മാർത്ത ലിലാർഡിനെയും പോളിയോ വീഴ്ത്തിയത്. വിദഗ്‍ധ പരിശോധനയ്ക്കൊടുവിൽ ഡോക്ടർമാർ വിധിച്ചത് 20 വർഷം ആയുസ്. വിധിയെ പഴിച്ച് മാറിയിരിക്കാന്‍ മാർത്തയുടെ മാതാപിതാക്കളായ തോമസ് ലിലാര്‍ഡും ഗ്ലോറിയ ജൂണ്‍ മെങ്ങും തയ്യാറല്ലായിരുന്നു. അവർ കുഞ്ഞു മാർത്തയെ ഒരു പോരാട്ടത്തിന് സജ്ജയാക്കി. കഴുത്തിന് താഴെ തളർന്നുപോയ ആ പിഞ്ചുശരീരത്തെ അവർ ഒരു ഇരുമ്പ് കൂടിനുള്ളിൽ സുരക്ഷിതമാക്കി. അയൺ ലങ് അഥവാ ഇരുമ്പ് ശ്വാസകോശത്തിനുള്ളില്‍ ഒരു ജീവിതം. 73 വർഷം മാർത്ത അങ്ങനെ ജീവിച്ചു. യുഎസിലെ അവസാന പോളിയോ ബാധിതയായി അവർ വിട പറയുമ്പോൾ, ചരിത്രം ചില കാര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നുണ്ട്.

1948ൽ ജനിച്ച മാർത്തയ്ക്ക് അഞ്ചാം വയസിലായിരുന്നു പോളിയോ സ്ഥിരീകരിച്ചത്. 1953ല്‍ പിറന്നാള്‍ ദിനത്തിലായിരുന്നു ആദ്യ ലക്ഷണങ്ങള്‍. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, കഴുത്തിന് താഴേക്ക് അസഹനീയമായ വേദന. നാലു ദിവസത്തിനിപ്പുറം ബോധം നഷ്ടമായി. സ്വബോധത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍, കൈയും കാലുമൊന്നും അനക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. വിദഗ്‍ധ പരിശോധനയില്‍ പോളിയോ ബാധിച്ചതാണെന്ന് സ്ഥിരീകരിച്ചു. കഴുത്തിന് താഴെയുള്ള ശരീരം പൂർണമായും തളർന്നു. സ്വാഭാവികമായി ശ്വസിക്കാനുള്ള ശേഷിയും നഷ്ടമായി. അന്നത്തെ വൈദ്യശാസ്ത്രത്തിന്റെ അത്ഭുതമായി കരുതപ്പെട്ടിരുന്ന അയൺ ലങ് അങ്ങനെയാണ് മാര്‍ത്തയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്.

Martha Lillard
ലോകത്ത് ഒരിടത്തും കാണില്ല, ഇങ്ങനെ മരിച്ചുജീവിക്കുന്നൊരു ജനത!

ആശുപത്രിയിലെ ആറു മാസത്തെ ചികിത്സയില്‍, 23 മണിക്കൂറോളം മാര്‍ത്ത അയണ്‍ ലങ്ങിലായിരുന്നു. ശരീരത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ലോഹ സിലിണ്ടറിനുള്ളിൽ വായുമർദത്തിലെ വ്യത്യാസം സൃഷ്ടിച്ചാണ് ഈ യന്ത്രം ശ്വാസോച്ഛ്വാസം സാധ്യമാക്കിയത്. പുറത്തുനിന്ന് വായു കടക്കാത്ത സിലിണ്ടറിനുള്ളില്‍, ഒരുതരം നെഗറ്റീവ്-പ്രഷർ മെക്കാനിക്കൽ വെന്റിലേറ്റർ ആണ് പ്രവര്‍ത്തിക്കുന്നത്. അതായത്, ശരീരത്തിനു പുറത്ത്‌ മർദ്ദം ചെലുത്തി ശ്വാസകോശത്തിൽ നിന്നും വായു പുറത്തേയ്ക്ക്‌ തള്ളി, സാധാരണ ശ്വസനം സാധ്യമാക്കുന്ന പ്രക്രിയ. പതുക്കെ പതുക്കെ സ്വയം ശ്വസിക്കാന്‍ ശ്വാസകോശത്തെ പ്രാപ്തമാക്കി മാര്‍ത്ത അയണ്‍ ലങ്ങിന്റെ ഉപയോഗം കുറച്ചുകൊണ്ടുവന്നു. പിന്നീട് ഉറങ്ങുമ്പോള്‍ മാത്രമായി ഉപയോഗം.

ദിവസവും രണ്ട് മണിക്കൂർ സ്‌കൂളിൽ പോയി. ബാക്കി സമയം വീട്ടിലിരുന്ന് പഠിച്ചു. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ക്ലാസ് മുറികളുമായി ബന്ധിപ്പിച്ച പ്രത്യേക ഇന്റർകോം സംവിധാനത്തിലൂടെയായിരുന്നു അധ്യാപകരുമായും സഹപാഠികളുമായും ആശയവിനിമയം നടത്തിയത്. വലതുകൈ സ്ഥിരമായി തളർന്നെങ്കിലും തെറാപ്പിയിലൂടെ ഇടതു കൈയുടെയും കാലുകളുടെയും ചലനശേഷി പരിമിതമായെങ്കിലും മാര്‍ത്ത വീണ്ടെടുത്തു. ഒറ്റക്കൈയാല്‍ കവിതകള്‍ എഴുതിയും, ചിത്രങ്ങള്‍ വരച്ചും, പിയാനോ വായിച്ചും അവര്‍ സന്തോഷം കണ്ടെത്തി. മൃഗസ്‌നേഹിയായിരുന്ന അവർ ഹ്യൂമെയ്ൻ സൊസൈറ്റിയുടെ സന്നദ്ധപ്രവർത്തകയായി. ചിലപ്പോഴൊക്കെ ഒറ്റയ്ക്ക് താമസിച്ചു. സ്വന്തമായി ഭക്ഷണമുണ്ടാക്കി. പ്രത്യേക ട്രെയിലറിൽ അയൺ ലങ് ഘടിപ്പിച്ച് കുടുംബത്തോടൊപ്പം ദീർഘയാത്ര നടത്തി.

ഇന്റർനെറ്റ് വ്യാപകമായതോടെ മാർത്തയുടെ ലോകം കൂടുതൽ വിശാലമായി. വായനയും പഠനവും തുടർന്ന അവർ സ്വന്തം രോഗത്തെക്കുറിച്ചും പുതിയ ചികിത്സാരീതികളെക്കുറിച്ചും നിരന്തരം മനസിലാക്കാൻ ശ്രമിച്ചിരുന്നു. ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളില്‍ ചര്‍ച്ചകളിലും സജീവമായി. അങ്ങനെയൊരു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍നിന്നാണ് ഈജിപ്തുകാരനായ ബഹാ സാലിഹിനെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി. രണ്ട് പതിറ്റാണ്ടിനിപ്പുറം ഇരുവരും വിവാഹിതരായി.

പ്രായം കൂടിയതോടെ, പോസ്റ്റ്-പോളിയോ സിൻഡ്രോം ബാധിച്ച് മാര്‍ത്തയുടെ ആരോഗ്യസ്ഥിതി മോശമായി. രണ്ട് തവണ കോവിഡ് ബാധിക്കുകയും, ലോങ് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ കൂടുതല്‍ സമയം അയണ്‍ ലങ് ഉപയോഗിക്കേണ്ടിവന്നു. വെറും 25 ശതമാനമായിരുന്നു മാര്‍ത്തയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ശേഷി. നട്ടെല്ല് വളയുന്ന സ്കോളിയോസിസും, പക്ഷാഘാതവും ആ ശരീരത്തെ പിന്നെയും പരീക്ഷിച്ചു. അവസാന അഞ്ചു വർഷക്കാലം വീടിനു പുറത്തേക്കിറങ്ങാൻ പോലും സാധിച്ചിരുന്നില്ല. അവസാന രണ്ടു വർഷം ഏകദേശം മുഴുവൻ സമയവും അയൺ ലങ്ങിനുള്ളിലായിരുന്നു ജീവിതം. പോസ്റ്റ്-പോളിയോ സിൻഡ്രോമും, ലോങ് കോവിഡിന്റെ പ്രത്യാഘാതങ്ങളുമാണ് മാര്‍ത്തയുടെ മരണത്തിന് കാരണമായത്. ജൂണ്‍ 26ന്, 78-ാം വയസില്‍ ആ പോരാട്ടം അവസാനിച്ചു. ഡോക്ടര്‍മാര്‍ പ്രവചിച്ച സമയത്തെയും കാലത്തെയും, ശാസ്ത്രത്തെ തന്നെ കൂട്ടുപിടിച്ചാണ് മാര്‍ത്ത മറികടന്നത്. മാര്‍ത്തയ്ക്ക് പോളിയോ ബാധിച്ച് രണ്ടു വര്‍ഷത്തിനുശേഷം, 1955ലാണ് യുഎസില്‍ പോളിയോ വാക്സിന്‍ ലഭ്യമാകുന്നത്. 1979ല്‍ യുഎസ് പോളിയോ മുക്ത രാജ്യമാവുകയും ചെയ്തു.

Martha Lillard
ഗരിഞ്ച, ബലോഗന്‍... ലോകകപ്പിലെ രണ്ട് ചുവപ്പു കാര്‍ഡുകള്‍; വിവാദം, ദുരൂഹത

അയൺ ലങ് ഉപയോഗിച്ച് ജീവിച്ചിരുന്ന അവസാന പോളിയോ രോഗി കൂടിയായിരുന്നു മാര്‍ത്ത. ഫിസിഷ്യനായിരുന്ന ജോൺ മയോ 1670ല്‍ കൊണ്ടുവന്ന ആശയമാണ് external negative pressure ventilation. 1927ല്‍ ഹാർവാഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഫിലിപ്പ് ഡ്രിങ്കര്‍, ലൂയി ഷാ എന്നിവര്‍ അതിനെ അയണ്‍ ലങ് എന്ന ഉപകരണമാക്കി വികസിപ്പിച്ചു. 1928 മുതല്‍ അത് രോഗികളില്‍ ഉപയോഗിച്ചു തുടങ്ങി. യുഎസില്‍ പോളിയോ ബാധ രൂക്ഷമായിരുന്ന 1940 കളില്‍ അയണ്‍ ലങ് പ്രധാന ജീവന്‍ രക്ഷാ ഉപകരണമായി മാറി. എന്നാല്‍ പോളിയോ വാക്സിന്‍ വന്നതോടെ ഉപകരണം ആവശ്യമില്ലാതായി. കമ്പനികള്‍ അതിന്റെ നിര്‍മാണം അവസാനിപ്പിച്ചു. പതുക്കെ അയണ്‍ ലങ്ങിന്റെ സ്പെയര്‍ പാര്‍ട്‌സും ലഭ്യമല്ലാതായി. അറ്റകുറ്റപ്പണി പോലും സാധ്യമല്ലെന്ന സ്ഥിതി അത് ഉപയോഗിച്ചിരുന്ന പലരെയും സാരമായി ബാധിച്ചിരുന്നു. മാര്‍ത്തയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. പുതിയ ഏതെങ്കിലും ഉപകരണത്തിലേക്കോ, സംവിധാനത്തിലേക്കോ മാറാന്‍ മാര്‍ത്ത ഒരുക്കവുമായിരുന്നില്ല. ലഭ്യമായ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി മാര്‍ത്ത അയണ്‍ ലങ് ഉപയോഗം തുടര്‍ന്നു. മാര്‍ത്തയുടെ മരണത്തോടെ, അയണ്‍ ലങ്ങും ചരിത്രത്തിന്റെ ഭാഗമായി.

മാർത്ത ലിലാർഡിന്റെ ജീവിതം ഒരു വ്യക്തിയുടെ വെറുമൊരു അതിജീവനകഥ മാത്രമല്ല. പോളിയോ എന്ന മഹാമാരിയെ മനുഷ്യരാശി എങ്ങനെ അതിജീവിച്ചു എന്നതിന്റെ, വാക്‌സിനേഷന്റെ അനിവാര്യതയുടെ, ശാസ്ത്ര പുരോഗതിയുടെ സാക്ഷ്യപത്രമാണ്. അയണ്‍ ലങ് എന്ന ഇരുമ്പുകൂടിനുള്ളില്‍ ഏഴ് പതിറ്റാണ്ടോളം ജീവിച്ച മാര്‍ത്തയുടെ ജീവിതം ആ ചരിത്രത്തിന്റെ അവസാന അധ്യായമായിട്ടാകും ഓർമിക്കപ്പെടുക.

News Malayalam 24x7
newsmalayalam.com