

ബ്രിട്ടണിലെ ബ്രിസ്റ്റോൾ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന വില പിടിപ്പുള്ള അപൂർവ പുരാവസ്തു ശേഖരം കൊള്ളയടിക്കപ്പെട്ടു. മോഷണം നടന്നത് രണ്ട് മാസം മുമ്പാണെങ്കിലും ഇതിൻ്റെ വിവരങ്ങളും ദൃശ്യങ്ങളും ബ്രിട്ടൺ ഇപ്പോഴാണ് പുറത്തുവിട്ടത്.
ബ്രിട്ടീഷ് അധിനിവേശ കാലത്തെ ഇന്ത്യൻ പുരാവസ്തുക്കളടക്കം അറുന്നൂറിലേറെ അമൂല്യവസ്തുക്കളാണ് ബ്രിസ്റ്റോളിലെ മ്യൂസിയത്തിൽ നിന്ന് സെപ്തംബർ-25ന് മോഷണം പോയത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെയും കോമൺവെൽത്ത് ശേഖരത്തിന്‍റെയും ഭാഗമായിരുന്ന വസ്തുക്കളാണ് പ്രൊഫഷണൽ കള്ളൻമാർ മ്യൂസിയത്തിൽ നിന്നു കടത്തിയത്.
മോഷണം നടക്കുന്ന സമയത്ത് മ്യൂസിയത്തിലുണ്ടായിരുന്ന നാല് പുരുഷൻമാരുടെ ദൃശ്യങ്ങൾ ഏവൻഡ് ആൻ്റ് സോമർസെറ്റ് പൊലീസ് പുറത്തുവിട്ടു. കൊള്ള നടത്തിയവരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായവും അത്യാവശ്യമാണെന്ന് പൊലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്. ആനക്കൊമ്പിൽ തീർത്ത ബുദ്ധപ്രതിമയും ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥൻ്റെ അരപ്പട്ടയുടെ ബക്കിളും എല്ലാം മോഷണം പോയവയിൽ പെടുന്നു. സാംസ്കാരികമായി വളരെ പ്രാധാന്യമുള്ള ഒട്ടേറെ വസ്തുക്കളാണ് മോഷ്ടാക്കൾ കൊള്ളയടിച്ചത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടൻ്റെ ചരിത്രത്തിലേക്കു തന്നെ വിരൽ ചൂണ്ടുന്ന ചില വസ്തുക്കളെ മോഷ്ടാക്കൾ പ്രത്യേകം ലക്ഷ്യമിട്ടതായി പ്രഥമ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
മോഷണം പോയ എല്ലാ വസ്തുവകകളുടെയും വിവരങ്ങൾ ബ്രിട്ടൺ പുറത്തുവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഫൊറൻസിക് തെളിവുകളുടെയും രഹസ്യമായി ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ വ്യാപകമായ അന്വേഷണമാണ് ബ്രിട്ടൻ്റെ അന്വേഷണ ഏജൻസികൾ നടത്തുന്നത്. രണ്ടുമാസമായിട്ടും അന്വേഷണങ്ങൾക്ക് ഫലം കാണാതെ വന്നതോടെയാണ് മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് അധികൃതർ പൊതുജനത്തിൻ്റെ സഹായം തേടിയിരിക്കുന്നത്.