

മെക്സിക്കോ സിറ്റി: യുഎസ് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തി നാല് മാസങ്ങൾക്ക് ശേഷം, അതേ രീതിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തി മെക്സിക്കോയും. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം വരെ നികുതി ചുമത്താൻ മെക്സിക്കോ സർക്കാർ അംഗീകാരം നൽകി.
ദേശീയ വ്യവസായത്തെയും ഉൽപ്പാദകരെയും സംരക്ഷിക്കുന്നതിനായി ചുമത്തുന്ന മെക്സിക്കോയുടെ താരിഫുകൾ 2026 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള, പ്രത്യേകിച്ച് ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് മെക്സിക്കൻ സർക്കാരിൻ്റെ ശ്രമം. കാരണം രാജ്യത്ത് കാര്യമായ വ്യാപാര അസന്തുലിതാവസ്ഥയുണ്ട്.
മെക്സിക്കൻ ദിനപത്രമായ എൽ യൂണിവേഴ്സലിൻ്റെ റിപ്പോർട്ട് പ്രകാരം വാഹന ഭാഗങ്ങൾ, ചെറിയ കാറുകൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, സ്റ്റീൽ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, ഫർണിച്ചർ, പാദരക്ഷകൾ, തുകൽ വസ്തുക്കൾ, പേപ്പർ, കാർഡ്ബോർഡുകൾ, മോട്ടോർ സൈക്കിളുകൾ, അലുമിനിയം, ട്രെയിലറുകൾ, ഗ്ലാസ്, സോപ്പുകൾ, പെർഫ്യൂമുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് മെക്സിക്കോ തീരുവ ചുമത്തിയിട്ടുണ്ട്.
ഇന്ത്യ, ദക്ഷിണ കൊറിയ, ചൈന, തായ്‌ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ മെക്സിക്കോയുമായി വ്യാപാര കരാറിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് ഈ നീക്കം തിരിച്ചടിയാകും.