കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചു; പലരും രോഗബാധിതർ, ഞെട്ടിക്കുന്ന കണ്ടെത്തൽ!
കോപ്പൻഹേഗൻ: കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേം ബാങ്കിനാണ് ഈ വലിയ അമളി പിണഞ്ഞത്. 14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്.
ദുഃഖകരമെന്ന് പറയട്ടെ ജനിച്ച കുട്ടികളിൽ ചിലർക്കും പിതാവിൻ്റെ ജീനിൽ ലി-ഫ്രൗമേനി സിൻഡ്രം എന്ന അർബുദ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില കുഞ്ഞുങ്ങൾ ഇതിനോടകം മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവാനായ യുവാവിൽ കാൻസർ കണ്ടെത്തിയിരുന്നില്ല. എന്നാൽ അയാളുടെ കോശത്തിൽ ജനിതകപരമായി കാൻസർ ഉണ്ടാകുന്ന ജനിതക വ്യതിയാനം മുൻകൂട്ടി കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണ്.
സ്പേം ദാതാവിൽ നിന്നും ബീജം സ്വീകരിക്കുമ്പോൾ നടത്തുന്ന സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. ബിബിസി ഉൾപ്പെടെയുള്ള 14 പൊതുമേഖലാ ചാനലുകൾ യൂറോപ്യൻ സ്പേം ബാങ്കുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വെളിച്ചത്ത് വന്നത്.
2005ൽ വിദ്യാർഥിയായിരിക്കെ ബീജ ദാനം ചെയ്യാൻ തുടങ്ങിയ അജ്ഞാതനായ ഒരു ദാതാവിൽ നിന്നാണ് 20 ശതമാനം വരെ കാൻസർ ബാധിതമായ ബീജം നിരവധി സ്ത്രീകളിൽ ഗർഭധാരണത്തിനായി ഉപയോഗിച്ചത്. 17 വർഷത്തിനിടയിൽ നിരവധി പേർക്ക് കുട്ടികളുണ്ടാകാൻ രോഗിയായ ഈ യുവാവിൻ്റെ ബീജം ഉപയോഗിച്ചിരുന്നു. ആരോഗ്യവാനായ യുവാവ് പ്രാഥമികമായി നടത്തുന്ന സ്റ്റാൻഡേർഡ് ഡോണർ സ്‌ക്രീനിംഗ് ടെസ്റ്റുകൾ വിജയിച്ചിരുന്നു.
ജനനത്തിനു മുമ്പ് അദ്ദേഹത്തിൻ്റെ ചില കോശങ്ങളിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചിരുന്നു. അസാധാരണമായ കോശ വളർച്ച നിയന്ത്രിക്കുന്നതിലൂടെ കാൻസർ വികസിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ജീൻ ആയ ടിപി53 എന്ന ജീനിനെ ഈ മ്യൂട്ടേഷൻ ബാധിച്ചു.
അയാളുടെ ശരീരത്തിൽ മറ്റെവിടെയും മ്യൂട്ടേഷൻ ചെയ്യപ്പെട്ട ടിപി53 ജീൻ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ ബീജത്തിൽ 20% വരെ മ്യൂട്ടേഷൻ സംഭവിച്ച ജീനുകൾ ഉണ്ടായിരുന്നു. ഈ ബാധിച്ച ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഒരു കുട്ടി ഗർഭം ധരിക്കുന്നതെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിക്കാം.
ഇത് കുഞ്ഞുങ്ങളിൽ അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ ബീജ ബാങ്ക് 2023 നവംബറിൽ, വളരെ വൈകിയാണ് ഈ യുവാവിൻ്റെ ജനിതക വൈകല്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നിരവധി കുഞ്ഞുങ്ങൾക്ക് കാൻസർ ബാധിക്കുകയും ചില കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു.

