
ഇറാന് ആണവ കേന്ദ്രങ്ങൾക്ക് നേരെ നടന്ന യുഎസിന്റെ ആക്രമണം യുദ്ധത്തിന്റെ തുടക്കമെന്ന് ഹൂതികൾ. ഇറാനെ ആക്രമിക്കുന്നതില്‍ ട്രംപ് ഇസ്രയേലിനൊപ്പം ചേർന്നാൽ ചെങ്കടലിൽ യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതികൾ ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു യുഎസിന്റെ സൈനിക നീക്കം.
ഒരു ആണവ കേന്ദ്രം നശിപ്പിക്കുന്നത് യുദ്ധത്തിന്റെ അവസാനമല്ല, മറിച്ച് അത് ഒരു തുടക്കമാണെന്ന് യെമനിലെ ഹൂതികളുടെ രാഷ്ട്രീയ ബ്യൂറോ അംഗമായ മുഹമ്മദ് അൽ-ഫറ പ്രതികരിച്ചു. "ആക്രമിച്ചിട്ട് ഓടുന്ന സമയം കഴിഞ്ഞു"വെന്നും അൽ-ഫറ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് ഇറാനില്‍ യുഎസ് സൈനിക നീക്കം ആരംഭിച്ചത്. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ബി -2 ബോംബർ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു യുഎസ് ആക്രമണം. ആക്രമണം പൂർത്തിയാക്കിയ യുദ്ധവിമാനങ്ങൾ ഇറാന്‍ വ്യോമാതിർത്തിവിട്ട് മടങ്ങിയെന്നും ഇനി സമാധാനത്തിനുള്ള സമയമെന്നും യുഎസ് പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറാനിലെ സൈനിക നടപടി വിശദീകരിച്ച് ഉച്ചയോടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് മറ്റൊരു പോസ്റ്റില്‍ ട്രംപ് അറിയിച്ചു. അമേരിക്കൻ ഐക്യനാടുകൾക്കും, ഇസ്രയേലിനും, ലോകത്തിനും ഇതൊരു ചരിത്ര നിമിഷമാണെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ സമ്മതിക്കണമെന്നും ട്രംപ് പോസ്റ്റില്‍ കൂട്ടിച്ചേർത്തു.
എന്നാല്‍, ഇറാനിലെ ട്രംപിന്റെ ഇടപെടല്‍ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതികരണം. യുഎസ് കൊണ്‍ഗ്രസിനെ മറികടന്നുള്ള നീക്കമാണ് വിമർശനങ്ങള്‍ക്ക് കാരണം. റിപ്പബ്ലിക്കന്‍ പാർട്ടിയില്‍ നിന്ന് തന്നെ ട്രംപിന്റെ നടപടിയില്‍ വിമർശനങ്ങള്‍ ഉയരുന്നുണ്ട്. ഇറാനെതിരായ ട്രംപിന്റെ പ്രകോപനരഹിതമായ ആക്രമണങ്ങൾ "അമേരിക്ക ആദ്യം" എന്ന വിദേശനയത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് രാജ്യത്തെ ഏറ്റവും ശക്തനായ റിപ്പബ്ലിക്കനും ഹൗസ് സ്പീക്കറുമായ മൈക്ക് ജോൺസൺ വിമർശിച്ചു.
അതേസമയം, ഇറാന് നേരിടേണ്ടിവരുന്ന ഏതൊരു ദോഷത്തേക്കാളും വളരെ വലുതായിരിക്കും എതിരാളികള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രതികരിച്ചു. ആക്രമണത്തിനു പിന്നാലെ ഖമേനി ടെലിവിഷനില്‍ നടത്തിയ പ്രതികരണം ഇറാനിയൻ പരമോന്നത നേതാവിന്റെ ഔദ്യോഗിക ടെലിഗ്രാം അക്കൗണ്ട് പങ്കിടുകയായിരുന്നു. ഇസ്രയേലിന്റെ സംഘർഷത്തില്‍ "സ്വന്തം ഹാനിക്കാണ്" യുഎസ് പ്രവേശിക്കുന്നതെന്നും ഖമേനി വീഡിയോ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.