

യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ നിന്ന് എത്തിയ വിഘടനവാദി സേനയ്ക്ക് ആയുധങ്ങൾ എത്തിച്ചതായി ആരോപിച്ച് സൗദി അറേബ്യ ചൊവ്വാഴ്ച യെമനിലെ തുറമുഖ നഗരമായ മുകല്ലയിൽ ബോംബാക്രമണം നടത്തി.ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 90 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നാണ് വിശദീകരണം. കര, കടൽ, വ്യോമ പാതകളിലൂടെയുള്ള ഗതാഗതം 72 മണിക്കൂർ നിരോധിച്ചതായും പ്രസിഡൻ്റ് വ്യക്തമാക്കി.
സതേൺ ട്രാൻസിഷണൽ കൗൺസിലിലെ വിഘടനവാദി ശക്തികളും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിൻ്റെ സൂചനയാണ് ഈ ആക്രമണം നൽകുന്നത്. യുഎഇയുടെ കിഴക്കൻ തീരത്തുള്ള തുറമുഖ നഗരമായ ഫുജൈറയിൽ നിന്ന് കപ്പലുകൾ അവിടെ എത്തിയതിന് ശേഷമാണ് ആക്രമണം നടത്തിയതെന്ന് സൗദി പ്രസ് ഏജൻസി പുറത്തിറക്കിയ സൈനിക പ്രസ്താവനയിൽ പറയുന്നു.
ആക്രമണത്തിൽ ആളപായമോ സൗദി അറേബ്യയ്ക്ക് പുറമെ മറ്റേതെങ്കിലും സൈന്യമോ പങ്കെടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കാനാണ് രാത്രി ആക്രമണം നടത്തിയതെന്നും സൗദി അറേബ്യ വ്യക്തമാക്കി. യുഎഇയുമായുള്ള സുരക്ഷാ കരാറും യെമൻ സർക്കാർ റദ്ദാക്കി .
വിഘടനവാദികളുടെ നടപടികൾ സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള ബന്ധത്തിലും വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. അടുത്ത ബന്ധം പുലർത്തിയിരുന്ന സൗദിയും അബുദബിയും സമീപ വർഷങ്ങളിൽ സ്വാധീനത്തിനും അന്താരാഷ്ട്ര ബിസിനസിനും വേണ്ടി പരസ്പരം മത്സരിക്കുന്ന സ്ഥിതിയാണ്.