

കാഠ്മണ്ഡു: നേപ്പാളില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി ജെന്‍സീ ഗ്രൂപ്പ്. 2026 മാര്‍ച്ച് 5 നേപ്പാളില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പ്രഖ്യാപനം വരുന്നത്. കെ.പി. ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ രാജിയിലേക്ക് നയിച്ച പ്രക്ഷോഭത്തിനു പിന്നാലെയാണ് ജെന്‍സീയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കേ, നേപ്പാളില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങളുണ്ടാക്കാവുന്ന തീരുമാനമാകുമിത്. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളായ മിരാജ് ധുങ്കാനയാണ് പത്രസമ്മേളനത്തിലൂടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
നേപ്പാളിലെ യുവാക്കളെ സംഘടിപ്പിക്കാനായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പ്രഖ്യാപിച്ച ധുങ്കാന വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം വ്യക്തമാക്കിയിട്ടില്ല.
തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് മിരാജ് ധുങ്കാന അറിയിച്ചത്. നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന എക്‌സിക്യൂട്ടീവ് സംവിധാനവും വിദേശത്തുള്ള നേപ്പാള്‍ പൗരന്മാരുടെ വോട്ടിങ് അവകാശം എന്നിങ്ങനെ രണ്ട് പ്രധാന ആവശ്യങ്ങളാണ് ജെന്‍സീ മുന്നോട്ടുവെക്കുന്നത്.
ജെന്‍സീ പ്രക്ഷോഭത്തില്‍ പങ്കാൡകളായ യുവാക്കളെ സംഘടിപ്പിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മിരാജ് ധുങ്കാന വ്യക്തമാക്കി. അഴിമതി നിയന്ത്രണത്തിനായി പൗരന്മാരുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയും സാമ്പത്തി പരിഷ്‌കരണത്തിനായുളള വ്യക്തമായ നയം സ്വീകരിക്കുന്നതിന് പ്രധാന്യം നല്‍കുന്നതിനെ കുറിച്ചും ധുങ്കാന പറഞ്ഞു.
മികച്ച ഭരണം, അഴിമതി വിരുദ്ധത എന്നിവയ്ക്കു വേണ്ടിയുള്ള പോരാട്ടം തുടരും. നേപ്പാളിലെ ജെന്‍സീ യുവാക്കള്‍ നടത്തിയ പോരാട്ടം വെറുതെയാകാന്‍ അനുവദിക്കില്ല. രാഷ്ട്രനിര്‍മാണ ദൗത്യത്തില്‍ എല്ലാ മേഖലയില്‍ നിന്നുമുള്ള കൂട്ടായ സഹകരണം ആവശ്യമാണ്. പുതിയ പാര്‍ട്ടിക്ക് അനുയോജ്യമായ പേരിനായി അഭിപ്രായങ്ങള്‍ തേടിയിരിക്കുകയാണെന്നും ധുങ്കാന അറിയിച്ചു.
നേപ്പാളിലെ യുവാക്കള്‍ തൊഴില്‍ അന്വേഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനാല്‍ രാജ്യത്തിന്റെ സാമ്പത്തിക വികസനം സ്തംഭിച്ചു. മുന്‍ സര്‍ക്കാരുകളാണ് ഇതിന് ഉത്തരവാദി. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന സൂചനയാണ് ധുങ്കാന നല്‍കിയത്.
മൂന്ന് ബില്യണ്‍ ജനസംഖ്യയുള്ള ഉയര്‍ന്ന ജനസംഖ്യയുള്ള രണ്ട് അയല്‍രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടാണ് നേപ്പാള്‍ നില്‍ക്കുന്നത്. അതിനാല്‍ തന്നെ അയല്‍രാജ്യത്തെ വിപണി ലക്ഷ്യമാക്കി ഉത്പാദനം വര്‍ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അടച്ചുപൂട്ടിയ വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാനും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇടക്കാല സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. നേപ്പാളിലെ ടൂറിസം മേഖലയിലും വികസനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.