

നൈജീരിയയിലെ കടുന സംസ്ഥാനത്തിൽ നിന്നും തോക്കുധാരികൾ 2 പള്ളികളിൽ നിന്നായി തട്ടിക്കൊണ്ടു പോയത് 160ഓളം വിശ്വാസികളെ. ഞായറാഴ്ച പള്ളികളിൽ പ്രാർഥന നടക്കുന്ന സമയത്തായിരുന്നു സംഭവം.
ആധുനിക ആയുധങ്ങളുമായെത്തിയ അക്രമികൾ പള്ളികളിൽ പ്രാർഥന നടക്കുന്ന സമയത്ത് പള്ളികളിലേക്ക് ഇരച്ചു കയറുകയും വിശ്വാസികളെ തോക്കുചൂണ്ടി ബലമായി കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു. 170ലേറെ പേരെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നുവെങ്കിലും ഇതിൽ ചിലർ പിന്നീട് രക്ഷപ്പെടുകയായിരുന്നു. ക്രിസ്ത്യൻ ജനവിഭാഗം കൂടുതലായി താമസിക്കുന്ന മേഖലയായ കുർമിൻ വാലി ഉൾപ്രദേശമായതിനാൽ തന്നെ ഗതാഗത സൗകര്യങ്ങൾ കുറവായതിനാൽ പൊലീസിനും മറ്റും ഇവിടേക്കെത്തുവാനും ബുദ്ധിമുട്ടാണ്. തട്ടിക്കൊണ്ടു പോയ വിശ്വാസികളെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
നൈജീരിയയിൽ മോചന ദ്രവ്യത്തിനായുള്ള ഇത്തരം സംഭവങ്ങൾ തുടർക്കഥയായി മാറുകയാണ്. നവംബറിൽ നിഗർ സംസ്ഥാനത്തിലെ ഒരു കത്തോലിക്കാ സ്കൂളിൽ നിന്നും 300 ഓളം കുട്ടികളെ ഇത്തരത്തിൽ തട്ടിക്കൊണ്ടു പോയിരുന്നു.