

വാഷിംഗ്ടൺ: യുഎസിലെ വാഷിംഗ്ടണില്‍ ഫാക്ടറിയിലെ കെമിക്കല്‍ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം. നിരവധി പേർ മരിച്ചെന്നും ചിലരെ കാണാതായെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. ലോങ്‌വ്യൂ സിറ്റിയിലെ നിപ്പോണ്‍ ഡെനൊവേവ് പാക്കേജിംഗ് എന്ന കമ്പനിയുടെ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. പേപ്പർ പള്‍പ്പുണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന 'വൈറ്റ് ലിക്കർ' എന്ന മാരകമായ രാസമിശ്രിതം സൂക്ഷിച്ചിരുന്ന ടാങ്കാണ് തകർന്നത്.
80,000 ഗാലന്‍ ശേഷിയുള്ള ടാങ്കില്‍ അപകട സമയത്ത് 60 ശതമാനം രാസ ദ്രാവകമുണ്ടായിരുന്നു എന്നാണ് വിവരം. സോഡിയം ഹൈഡ്രോക്സൈഡിന്റെയും സോഡിയം സൾഫൈഡിന്റെയും രാസ ലായനിയായ ഈ മിശ്രിതം മനുഷ്യചർമത്തിൽ ഗുരുതരമായി പൊള്ളലേല്‍പ്പിക്കാന്‍ ശേഷിയുള്ളതാണ്. അപകടത്തിൽ പൊള്ളലേറ്റ നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രഥമിക നിഗമനം അനുസരിച്ച് പത്തിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കൗലിറ്റ്സ് 2 ഫയർ ആൻഡ് റെസ്ക്യൂ മേധാവി സ്കോട്ട് ഗോൾഡ്‌സ്റ്റൈൻ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ സ്ഥിരീകരിക്കാനായില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനം സമീപപ്രദേശത്ത് ഭീഷണി ആകില്ലെന്ന് അധികൃതർ അറിയിച്ചു.