
കഴിഞ്ഞ വര്‍ഷം ഫ്‌ളോറിഡയിലെ ഗോള്‍ഫ് ക്ലബില്‍ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധ ശ്രമത്തില്‍ പ്രതി റയാന്‍ റൂത്ത് കുറ്റക്കാരനെന്ന് യുഎസ് കോടതി. 12 അംഗ ജൂറിയാണ് ഏകകണ്ഠമായി വിധി പ്രസ്താവിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
59 കാരനായ റൂത്ത് ഒരു ഫെഡറല്‍ ഓഫീസറെ ആക്രമിച്ചതടക്കം നിരവധി കേസുകളും പ്രതിയാണ്. കോടതിയില്‍ റയാന്‍ റൂത്ത് പേന ഉപയോഗിച്ച് സ്വയം കുത്തി പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വിധി പ്രസ്താവനം അവസാനിക്കുവോളം തന്നെ റൂത്ത് കോടതിയില്‍ തന്നെ പ്രതിരോധിക്കുകയും തെറ്റുകാരനല്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ട്രിഗര്‍ വലിക്കാതെ കുറ്റം സംഭവിച്ചു പറയുന്നത് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് റൂത്ത് കോടതിയില്‍ പറഞ്ഞു.
2024 സെപ്തംബര്‍ 15ന് മാര്‍ എ ലോഗോയിലെ ഗോള്‍ഫ് ക്ലബില്‍ വെച്ചാണ് റൈഫിള്‍ ഉപയോഗിച്ച് അന്ന് സ്ഥാനാര്‍ഥിയായിരുന്ന ട്രംപിനെ വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു റൂത്തിനെതിരായ കേസ്. കഴിഞ്ഞ വര്‍ഷം പാം ബീച്ചില്‍ ട്രംപിന്റെ ഗോള്‍ഫ് കോഴ്‌സിന് പുറത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുമ്പോഴാണ് റൂത്തിനെ പൊലീസ് പിടികൂടുന്നത്. ഇതിനായി റൂത്ത് കുറേ കാലമായി ആസൂത്രണം നടത്തുന്നുവെന്നും പൊലീസ് ആരോപിച്ചിരുന്നു.
അതേസമയം ഒരു സീക്രട്ട് സര്‍വീസ് ഏജന്റ് റൂത്തിനെ തിരിച്ചറിഞ്ഞു. കുറ്റിക്കാട്ടില്‍ വെച്ച് താനാണ് റൂത്തിനെ പിടികൂടിയതെന്നും ഏജന്റ് കോടതിയില്‍ പറഞ്ഞു. റൂത്ത് ആദ്യം സീക്രട്ട് ഏജന്റിന് നേരെ തോക്ക് ചൂണ്ടുകയും പിന്നാലെ വെടിയുതിര്‍ന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. പിന്നാലെ ഒരു ദൃക്‌സാക്ഷിയാണ് റൂത്തിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.
പെന്‍സില്‍വാനിയയില്‍ ട്രംപിന് നേരെ ആക്രമണം ഉണ്ടായി വെറും ഒന്‍പത് ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും ആക്രമണത്തിന് പദ്ധതിയിട്ടത്. പെന്‍സില്‍വാനിയയില്‍ വെച്ച് ട്രംപിന് നേരെ വെടിയുതിര്‍ക്കുകയും അത് ട്രംപിന്റെ ചെവിയില്‍ കൊള്ളുകയുമായിരുന്നു. അക്രമിയെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ അവിടെ വെച്ച് തന്നെ കൊലപ്പെടുത്തുകയുമായിരുന്നു.