

ബാഗ്ദാദ്: ഇറാഖില്‍ സൈനിക വിമാനം തകർന്നുവീണ് കൊല്ലപ്പെട്ട യുഎസ് സൈനികരുടെ പേരുവിവരങ്ങള്‍ പെന്‍റഗണ്‍ പുറത്തുവിട്ടു. ആറ് സൈനികരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. മേജർ ജോൺ എ ക്ലിന്നർ(33), ടെയ്ലർ എച്ച് സിമ്മൻസ്(28), ക്യാപ്റ്റൻ അരിയാന ജി സാവിനോ(31), ആഷ്ലി ബി പ്ര്യൂട്ട്(34), ക്യാപ്റ്റൻ സെത് ആ കോവൽ(38), ക്യാപ്റ്റൻ കർട്ടിസ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ മൂന്ന് സൈനികർ ഒഹായോയിലെ റിക്കൻബാക്കർ എയർ നാഷണൽ ഗാർഡ് ബേസിലും, മൂന്ന് പേർ ഫ്ലോറിഡയിലെ മാക്‌ഡിൽ എയർഫോഴ്സ് ബേസിലും വിന്യസിച്ചിരുന്നവരാണ്.
വ്യാഴാഴ്ചയാണ് പടിഞ്ഞാറന്‍ ഇറാഖ് അതിർത്തിയില്‍ യുദ്ധവിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന സൈന്യത്തിൻ്റെ കെ.സി -135 വിമാനം തകർന്നുവീണത്. ഇതോടെ ഇറാനിലെ സൈനിക നടപടിയ്ക്കിടെ കൊല്ലപ്പെടുന്ന യുഎസ് സൈനികരുടെ എണ്ണം 13 ആയി. വിമാനം തകർന്നുവീണതില്‍ അന്വേഷണം തുടരുകയാണെന്ന് പെന്‍റഗണ്‍ അറിയിച്ചു.
തുടക്കത്തിൽ വെടിവെയ്പ്പിലല്ല വിമാനം തകർന്നതെന്നാണ് യുഎസ് സെൻട്രൽ കമാൻ്റ് അറിയിച്ചിരുന്നത്. എന്നാൽ തങ്ങളുടെ രാജ്യത്തിൻ്റെ പരമാധികാരവും വ്യോമപാതയും സംരക്ഷിക്കുന്നതിനു വേണ്ടി തങ്ങൾ വിമാനം വെടി വെച്ചിടുകയായിരുന്നുവെന്ന് അവകാശപ്പെട്ട് ഇറാൻ അനുകൂല സായുധ സംഘം മുന്നോട്ട് വന്നിരുന്നു.