

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം വെട്ടിച്ചുരുക്കി നേപ്പാൾ ഊർജ മന്ത്രാലയം. നേരത്തെ പ്രതിദിനം 800 മെഗാവാട്ട് വൈദ്യുതി കിട്ടിയിരുന്നത് പകുതിയായി ചുരുങ്ങുമെന്നാണ് റിപ്പോർട്ട്. പ്രളയത്തിൽ രാജ്യത്തെ 13 ജലവൈദ്യുത നിലയങ്ങൾക്കും ഒരു സോളാർ പ്ലാന്റിനും വൻ നാശനഷ്ടം സംഭവിച്ചിരുന്നു.
ഇത് ഏകദേശം 359 മെഗാവാട്ട് ഉൽപ്പാദന ശേഷിയെയാണ് നേരിട്ട് ബാധിച്ചത്. ഇന്ത്യയിലേക്ക് വൈദ്യുതി നൽകുന്ന 14 മെഗാവാട്ട് ശേഷിയുള്ള ദേവീഘട്ട് ജലവൈദ്യുത പദ്ധതി ഭാഗികമായി തകർന്ന നിലയിലാണ്. സ്മാർട്ട് മീറ്ററിങിലൂടെ അടക്കം സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് ഊർജ മന്ത്രാലയം അറിയിച്ചു.
അതേ സമയം ലോകത്തിന് തന്നെ തീരാനോവായി മാറുകയാണ് നേപ്പാൾ മിന്നൽ പ്രളയദുരന്തത്തിൽ ഉയരുന്ന മരണസംഖ്യ. നിലവിൽ 538 മരണം പൊലീസ് സ്ഥിരീകരിച്ചു. ആയിരത്തോളംപേരെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ. കാണാതായവരിൽ 320 ഇന്ത്യക്കാരുണ്ടെന്നാണ് സ്ഥിരീകരണം. ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാത്തത് കൊണ്ടാണ് പലരെക്കുറിച്ചും വിവരം കിട്ടാത്തത്.
അതേസമയം, മരണസംഖ്യ ഉയരുന്നതും മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകി എത്തുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. നേപ്പാളിന് പുറമേ ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും 200 ലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള നടപടികളും തുടരുകയാണ്.
ടിബറ്റൻ മേഖലയിലെ തന്നെ മറ്റൊരു ഹിമ തടാകം മുറിയാനും സാധ്യതയുണ്ടെന്നും അടുത്ത രണ്ട് ദിവസം ജാഗ്രത പാലിക്കണമെന്നും ചൈന നേപ്പാളിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടിബറ്റ്-നേപ്പാൾ അതിർത്തിയിൽ ചൈന 'ലെവൽ-IV' അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയുടെ ജലവിഭവ മന്ത്രാലയം ടിബറ്റ് സ്വയംഭരണ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേ സമയം പ്രളയത്തിൽ തകർന്ന നേപ്പാളിന് കൂടുതൽ സഹായ വാഗ്ദാനവുമായി ഇന്ത്യ രംഗത്തെത്തി.