
ആഗോള തലത്തില്‍ 16,000 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി സ്വിസ് ഭക്ഷണ ഭീമന്മാരായ നെസ്‌ലെ. വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ 16,000 വൈറ്റ്‌കോളര്‍ ജോലികൾ ഒഴിവാക്കാനാണ് തീരുമാനമെന്ന് നെസ്‌ലെ അറിയിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നു.
ലോകം മാറുകയാണ്, നെസ്‌ലെയ്ക്കും വേഗത്തിലുള്ള മാറ്റം അത്യാവശ്യമാണ് എന്നാണ് നെസ്‌ലെ ചീഫ് എക്‌സിക്യൂട്ടീവ് ഫിലിപ്പ് നവ്‌രാട്ടില്‍ പറഞ്ഞത്. സെപ്തംബറിലാണ് ഫിലിപ്പ് നെസ്‌ലെയുടെ സിഇഒയായി ചുമതലയേറ്റത്. ബുദ്ധിമുട്ടേറെയാണെങ്കിലും എണ്ണം കുറയ്ക്കാന്‍ അനിവാര്യമായ നടപടികള്‍ എടുക്കേണ്ടത് അത്യാവശ്യമാണ് എന്നും ഫിലിപ്പ് പറഞ്ഞു.
അതേസമയം ജോലി വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാവിലത്തെ ഓഹരിയില്‍ 8 ശതമാനത്തിന്റെ വര്‍ധനവാണ് പ്രഖ്യാപിച്ചത്. 277,000 വരുന്ന ജീവനക്കാരില്‍ 16,000 പേരെ പിരിച്ചുവിടുന്നതോടെ ആകെ തൊഴിലാളികളില്‍ ആറ് ശതമാനത്തിന്റെ കുറവുണ്ടാകും.
ഉല്‍പ്പാദന വിതരണ മേഖലയില്‍ ഇതിനകം 4000 ത്തോളം പേരെ പിരിച്ചുവിടുന്ന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും 16,000 തൊഴിലുകള്‍ വെട്ടിക്കുറച്ചേക്കുമെന്ന് കമ്പനി പ്രഖ്യാപിക്കുന്നത്.
കിറ്റ്കാറ്റ് ചോക്ലേറ്റ് ബാര്‍, മാഗ്ഗി സീസണിങ്, പുരിന ഡോഗ് ഫൂഡ്, സെറിലാക് ബേബി ഫുഡ്, നെസ് കഫേ കോഫി തുടങ്ങി 2000 ത്തോളം ബ്രാന്‍ഡുകള്‍ കമ്പനിക്ക് ഉണ്ട്. എന്നാല്‍ അടുത്തിടെ കമ്പനിയിലെ തൊഴിലാളിയും മുന്‍ സിഇഒയും തമ്മിലുള്ള പ്രണയം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ നെസ്‌ലെ വലിയ തിരിച്ചടി നേരിട്ടിരുന്നു. പിന്നാലെ സിഇഒയെ പിരിച്ചുവിടുകയും ചെയ്തിരുന്നു.