

ഗാസ: പലസ്തീനിൻ്റെ ഭാഗമായ ഗാസയുടെ 70 ശതമാനം ഭൂമിയുടേയും പൂർണ നിയന്ത്രണമേറ്റെടുക്കാൻ ഇസ്രയേൽ സൈന്യത്തിന് നിർദേശം നൽകി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 2025 ഒക്ടോബർ മുതൽ നിലവിലുള്ള വെടിനിർത്തൽ കരാറുകളുടെ ലംഘനമായാണ് ഈ പുതിയ നീക്കം.
"ഹമാസിനെ കൂടുതൽ ദുർബലരാക്കാനാണ് ഈ നീക്കം. എല്ലാ രീതിയിലും അവരെ ഞങ്ങൾ ഞെരുക്കുകയാണ്. നിലവിൽ ഗാസ മുനമ്പിൻ്റെ 60 ശതമാനവും ഞങ്ങളുടെ നിയന്ത്രണത്തിലാണ്. വെടിനിർത്തൽ കരാർ നടക്കുമ്പോൾ തന്നെ 50 ശതമാനം ഗാസയും ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. അത് 70 ശതമാനത്തിലേക്ക് എത്തിക്കാനാണ് സൈന്യത്തിന് നിർദേശം നൽകിയിരിക്കുന്നത്. അതിന് ശേഷം ബാക്കിയുള്ള ഹമാസുകാരെ ഞങ്ങൾ നേരിടും," നെതന്യാഹു വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ മാധ്യമങ്ങളോട് പറഞ്ഞു.
ബുധനാഴ്ച ഹമാസിൻ്റെ പുതിയ സൈനിക വിങ് തലവനായ മുഹമ്മദ് ഒഡേഹിനെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. എസ്സദീൻ അൽ ഖസം ബ്രിഗേഡിൻ്റെ നാലാമത്തെ തലവനായിരുന്നു ഇയാൾ. ഏകദേശം ഒരു മാസം മുമ്പ് ഒഡേഹിൻ്റെ മുൻഗാമിയേയും ഇസ്രയേൽ വധിച്ചിരുന്നു.
2023 ഒക്ടോബർ 7ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളാണ് ഗാസയിൽ യുദ്ധത്തിന് കാരണമായത്. ഇസ്രയേലിൻ്റെ കസ്റ്റഡിയിലുണ്ടായിരുന്ന പലസ്തീനികളെ ആദ്യഘട്ട വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി വിട്ടയച്ചിരുന്നു. ഹമാസിൻ്റെ നിരായുധീകരണം, ഗാസയിൽ നിന്നുള്ള ഇസ്രയേൽ സൈന്യത്തിൻ്റെ പിൻവാങ്ങൽ എന്നിവയിൽ തർക്കം തുടർന്നതോടെ രണ്ടാം ഘട്ട സമാധാന നീക്കങ്ങൾ വൃഥാവിലായിരുന്നു. മധ്യസ്ഥ ചർച്ച പ്രകാരം യെല്ലോ ലൈനിന് പിറകിലായി സൈന്യത്തെ നിലയുറപ്പിക്കാവൂയെന്ന നിബന്ധനകളും പാലിക്കപ്പെടാതെ പോയി.
ഒക്ടോബർ 10 മുതൽ ഇസ്രയേലും ഹമാസും നിരന്തരം വെടിനിർത്തൽ കരാറുകൾ ലംഘിക്കുന്നതായി വാർത്തകൾ വന്നിരുന്നു. വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷവും 900ത്തിലേറെ പലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഈ കണക്കുകൾ ഐക്യരാഷ്ട്ര സഭയും സ്ഥിരീകരിച്ചിരുന്നു.
പലസ്തീൻ്റെ മണ്ണിൽ ഹമാസിൻ്റെ ഭരണത്തിന് അന്ത്യം കുറിക്കുമെന്നും അവിടെയുള്ളവരെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കുമെന്നും ഇസ്രയേൽ നിരന്തരമായി ആവർത്തിക്കുന്ന കാര്യമാണ്. ഉചിതമായ സമയത്ത് ഗാസയിലുള്ളവരെ ഒഴിപ്പിക്കുന്ന നടപടി തുടങ്ങുമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറയുന്നത്.