

യുഎസിന്റെ വാദം തള്ളി ഇറാന്‍
ദോഹയില്‍ ഇറാനുമായി ചര്‍ച്ച നടത്തുമെന്ന യുഎസിന്റെ വാദം തള്ളി ഇറാന്‍ പ്രതിനിധി സംഘം. യുഎസ് വാര്‍ത്താ ഏജന്‍സിയായ ആക്‌സിയോസ് ആണ് കഴിഞ്ഞ ദിവസം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ദോഹയില്‍ വെച്ച് ഇറാന്‍ പ്രതിനിധി സംഘവുമായി യുഎസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍, അങ്ങനെയൊരു ചര്‍ച്ചയില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയേല്‍ ബഗായ് പറഞ്ഞു. യുഎസുമായുള്ള ധാരണാപത്രം നടപ്പാക്കുകയാണ് ഇറാന്റെ ഇപ്പോഴത്തെ മുന്‍ഗണന. ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനായി സമ്മര്‍ദം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന്റെ ഭാഗമായാണ് ഇറാന്‍ പ്രതിനിധി സംഘം ദോഹയിലേക്ക് തിരിച്ചതെന്നും ഇസ്മായില്‍ ബഗായ് അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ പാക് വ്യോമാക്രമണം
അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 36 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 160 ലേറെ പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തുടനീളം നടന്ന ഭീകരവാദ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് പാകിസ്ഥാന്റെ വാദം. ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അഫ്ഗാനിസ്ഥാനും പ്രതികരിച്ചു.
സുപ്രീം കോടതിയില്‍ ട്രംപിന് വന്‍ വിജയവും തിരിച്ചടിയും
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സുപ്രീം കോടതിയില്‍ ഒരേ ദിവസം വന്‍ വിജയവും തിരിച്ചടികളും. സുപ്രീം കോടതി ഒരേ ദിവസം രണ്ട് പ്രധാന കേസുകളിലാണ് വിധി പറഞ്ഞത്. ഇതില്‍ ഒന്നില്‍ ട്രംപിന് അനുകൂലമായും മറ്റൊന്നില്‍ ട്രംപിന് തിരിച്ചടിയായും കോടതി നിലപാടെടുത്തു. ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അംഗമായ റെബേക്ക സ്ലോട്ടറെ ട്രംപ് പുറത്താക്കിയതിനെ കോടതി അനുകൂലിച്ചു. സ്വതന്ത്ര ഏജന്‍സികളുടെ തലവന്മാരെ മാറ്റാന്‍ പ്രസിഡന്റിന് പൂര്‍ണ്ണ അധികാരമുണ്ടെന്ന് കോടതി വിധിച്ചു.
എന്നാല്‍, ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലിസ കുക്കിനെ പുറത്താക്കാനുള്ള ട്രംപിന്റെ നീക്കത്തെ കോടതി തടഞ്ഞു. കൃത്യമായ നിയമനടപടികള്‍ പാലിക്കാതെ കുക്കിനെ പുറത്താക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ലിസ കുക്കിനെതിരെ വായ്പാ തട്ടിപ്പ് ആരോപിച്ചുകൊണ്ട് പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നിയമപോരാട്ടം തുടരുന്നതുവരെ പദവിയില്‍ തുടരാന്‍ ലിസ കുക്കിന്, സുപ്രീം കോടതി അനുമതി നല്‍കി.
100 കോടി ഡോളര്‍ തട്ടിപ്പ്: ചൈനീസ് വ്യവസായിക്ക് 30 വര്‍ഷം തടവ്
നൂറ് കോടി ഡോളറിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ചൈനീസ് വ്യവസായിക്ക് യുഎസില്‍ കഠിന തടവ്. ചൈനീസ് വ്യവസായിയായ ക്വോ വെന്‍ഗുയിക്കാണ് യുഎസ് കോടതി 30 വര്‍ഷം കഠിന തടവ് വിധിച്ചത്.
2017-ലാണ് ക്വോ ചൈനയില്‍ നിന്ന് യുഎസിലെത്തിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനായി സ്വയം അവതരിപ്പിച്ച അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ വലിയൊരു അനുയായിവൃന്ദത്തെ ഉണ്ടാക്കിയെടുത്തിരുന്നു. എന്നാല്‍ പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക വഞ്ചന, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ക്വോയെ കോടതി കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു.
ചൈനയില്‍ ജനാധിപത്യം കൊണ്ടുവരാന്‍ ആഗ്രഹിച്ച ആളുകളെയാണ് ക്വോ ഇരയാക്കിയത് എന്ന് ന്യൂയോര്‍ക്ക് കോടതി ജഡ്ജി അനാലിസ ടോറസ് പറഞ്ഞു. അവരുടെ പണം തട്ടിയെടുത്ത് സ്വന്തം ആഡംബര ജീവിതത്തിനായാണ് അദ്ദേഹം ഉപയോഗിച്ചതെന്നും ജഡ്ജി വ്യക്തമാക്കി.