2025-ലെ ഭൗതിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. മൂന്ന് പേരാണ് പുരസ്കാരത്തിന് അർഹരായത്. ക്വാണ്ടം മെക്കാനിക്‌സിനെ പുതിയ തലത്തിൽ എത്തിച്ചതിന് ജോൺ ക്ലാർക്ക്, മൈക്കൽ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവർക്കാണ് പുരസ്‌കാരം. മൂവരും കാലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണമാണ് അംഗീകരം നേടിയത്.
2025 ലെ നൊബേൽ സമ്മാന വിതരണം 2025 ഒക്ടോബർ 6 നാണ് ആരംഭിച്ചത്. ഒക്ടോബർ 13 ഓടെ പുരസ്കാര പ്രഖ്യാപനം അവസാനിക്കും. ഭൗതിക ശാസ്ത്രത്തിലെ ഒരു പ്രധാന ചോദ്യമാണ് ക്വാണ്ടം മെക്കാനിക്കൽ പ്രതിഭാസങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു വ്യവസ്ഥയുടെ പരമാവധി വലിപ്പം എത്രയാകുമെന്നത്. കൈയ്യിലൊതുങ്ങാവുന്നത്ര വലിപ്പമുള്ള ഒരു വൈദ്യുതി സർക്യൂട്ടിൽ ക്വാണ്ടം മെക്കാനിക്കൽ ടണലിങ്ങും, ക്വാണ്ടൈസ്ഡ് ഊർജ്ജ നിലകളും സാധ്യമെന്ന് തെളിയിക്കാൻ ഈ സംഘത്തിന് സാധിച്ചു. ഇതാണ് ഇവരെ പുരസ്കാര നേട്ടത്തിന് അർഹരാക്കിയത്.
1901-ൽ പുരസ്കാര വിതരണം ആരംഭിച്ചതിനുശേഷം, ഭൗതികശാസ്ത്രത്തിൽ 118 നൊബേൽ സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. അതിൽ 47 എണ്ണമാണ് ഒരാൾക്ക് മാത്രമായി ലഭിച്ചത്. 38 എണ്ണം മൂന്ന് പേർ പങ്കിട്ടു. ലോകമഹായുദ്ധങ്ങൾ കാരണം ആറ് വർഷത്തേക്ക് അവാർഡ് നൽകിയില്ല. ഇതുവരെ, 226 വ്യക്തികളെ പുരസ്കാരം ആദരിച്ചിട്ടുണ്ട്.