

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ ഇടിച്ചതിനെത്തുടർന്ന് രണ്ട് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു. രഹസ്യമായി അനുവാദമില്ലാത്ത പാതയിലൂടെ കടലിടുക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് എണ്ണക്കപ്പലുകളിൽ സ്ഫോടനമുണ്ടായതെന്ന് റവല്യൂഷണറി ഗാർഡിൻ്റെ നാവികസേന വ്യക്തമാക്കി.
കപ്പലിൻ്റെ റഡാർ സംവിധാനങ്ങളും ലൊക്കേഷൻ തിരിച്ചറിയാനുള്ള ഉപകരണങ്ങളും പ്രവർത്തനരഹിതമായിരുന്നു. ട്രാക്കിങ് സംവിധാനങ്ങൾ ഓഫ് ചെയ്ത നിലയിൽ സഞ്ചരിച്ച കപ്പൽ കടൽമൈനിൽ ഇടിച്ചതിനെത്തുടർന്ന് തീപിടിക്കുകയും യാത്ര നിർത്താൻ നിർബന്ധിതമാകുകയും ചെയ്തുവെന്നാണ് വിശദീകരണം.
അനുമതി ഇല്ലാതെ ഹോർമുസിലേക്ക് കടക്കരുതെന്ന് വീണ്ടും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2026 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചത് മുതൽ ഇറാൻ്റെ അനുമതിയില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ടെഹ്‌റാൻ പതിവായി ലക്ഷ്യമിടുന്നുണ്ട്. ഇതോടെ മധ്യപൂർവദേശത്തുനിന്നുള്ള എണ്ണ, പ്രകൃതിവാതക കയറ്റുമതിയുടെ നിർണായക പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.