
വിദ്യാര്‍ഥി പ്രക്ഷോഭം കടുത്തതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജ്യം വിട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഒരു രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന് ശേഷം ഉയര്‍ന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു ഷെയ്ഖ് ഹസീനയുടേത്.
ഹസീനയുടെ പലായനത്തിന് പിന്നാലെ ഡോ. മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയായി ചുമതലയേറ്റെങ്കിലും ബംഗ്ലാദേശിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് തടയിടാന്‍ സാധിച്ചിട്ടില്ല.
സംവരണ നിയമം ഭരണകക്ഷിക്ക് അനുകൂലമാകുന്ന വിധം തിരുത്തിയതിന് പിന്നാലെയാണ് ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിലേക്ക് നയിച്ചത്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാടക്കം ആസൂത്രണം ചെയ്തിരുന്നു എന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ പ്രക്ഷോഭം രാജ്യമാകെ പടര്‍ന്നു. ഹസീനയുടെ പിതാവ് കൂടിയായ മുജിബുര്‍ റഹ്‌മാന്റെ വീടും പ്രതിമയുമടക്കം പ്രക്ഷോഭകര്‍ തകര്‍ത്തു. തന്നെയും പിടികൂടും മുമ്പ് പ്രസിഡന്റിനോട് രാജി അറിയിച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പറന്നു.
ഹസീനയുടെ പലായനത്തിന് ശേഷം 2024 ഓഗസ്റ്റ് എട്ടിനാണ് ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറ്റത്. ഇതിന് പിന്നാലെ ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീനയെ വിചാരണ നേരിടുന്നതിനായി ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.
നൊബേല്‍ ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോഴും ബംഗ്ലാദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമുണ്ടായിട്ടില്ല. അടുത്ത വര്‍ഷം ഏപ്രിലോടെ ബംഗ്ലാദേശ് വീണ്ടും ജനറല്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ നിന്ന് അവാമി പാര്‍ട്ടിയെ നിലവില്‍ മത്സരിക്കുന്നതില്‍ നിന്ന് തടഞ്ഞിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി ഖലേദ സിയ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ഫെബ്രുവരിയോടെയോ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം ഏപ്രിലോടെ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് മുഹമ്മദ് യൂനുസ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല, രാജ്യത്തെ ഭരണകക്ഷിയായിരുന്ന, വലിയ പാര്‍ട്ടികൂടിയായ അവാമി ലീഗിനെ തെരഞ്ഞെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്തിയത് വിമര്‍ശനങ്ങള്‍ക്കും വിധേയമാകുന്നുണ്ട്.