ഇസ്ലാമാബാദ്: പാക്- അഫ്ഗാന്‍ അതിര്‍ത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ 48 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ച് ഇരുരാജ്യങ്ങളും. അക്രമങ്ങളിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും വെടി നിർത്തൽ തീരുമാനത്തിലെത്തിയത്.
പ്രശ്നം സങ്കീർണമാണെങ്കിലും പരിഹരിക്കാനാവുന്നതാണ്. ശരിയായ പരിഹാരം കണ്ടെത്താൻ ചർച്ചയിലൂടെ ശ്രമിക്കുമെന്നാണ് ഇസ്ലാമാബാദ് വൃത്തങ്ങളെ ഉദ്ദരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാൻ വെടിനിർത്തൽ ആവശ്യപ്പെട്ടതായാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അഫ്ഗാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാകിസ്താൻ ഖത്തറിന്‍റെയും സൗദിയുടെയും മധ്യസ്ഥത തേടിയിട്ടുണ്ടെന്നും അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാലുദിവസത്തിന് ശേഷം ഇന്ന് വീണ്ടും അഫ്ഗാൻ - പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. 12 സാധാരണക്കാർ പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും നൂറിലധികം പേര്‍ക്ക് പരിക്കേറ്റെന്നും താലിബാൻ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ആക്രമണങ്ങളെ ചെറുക്കുന്നതിനിടെ ടാങ്കുകളും സൈനിക പോസ്റ്റുകളും നശിപ്പിച്ചതായും പാക്കിസ്ഥാൻ അവകാശപ്പെട്ടു. അതേ സമയം ഏത് പാക് വെല്ലുവിളിയും നേരിടാൻ സജ്ജരായി സൈനികർ അതിർത്തിയിൽ നിലയുറപ്പിച്ചതായി താലിബാൻ അവകാശപ്പെടുന്നുണ്ട് .