
ഗാസ സിറ്റി: ഹമാസിൻ്റെ കസ്റ്റഡിയിലുള്ള ഇസ്രയേലുകാരായ ബന്ദികളുടെ മൃതദേഹങ്ങളെ ചൊല്ലി ചൊവ്വാഴ്ച തർക്കം ഉടലെടുത്തതോടെ പലസ്തീനിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പുതിയ പ്രതിസന്ധി. നേരത്തെ വാക്ക് നൽകിയ പോലെ ബന്ദികളുടെ ശരീരം കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേൽ റഫ-ഈജിപ്ത് അതിർത്തി വഴിയുള്ള സഹായങ്ങളുടെ വരവ് തടഞ്ഞത് പലസ്തീൻ ജനതയ്ക്ക് തിരിച്ചടിയായി.
ചൊവ്വാഴ്ച രാത്രി ഹമാസ് സൈന്യം നാല് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറിയതോടെ, യുഎസ് മധ്യസ്ഥതയിൽ വെടിനിർത്തൽ നിലവിൽ വന്നതിനു ശേഷം കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം എട്ടായി. ഇനിയും 20 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നും, എല്ലാ ശവസംസ്കാര സ്ഥലങ്ങളും തിരിച്ചറിഞ്ഞിട്ടില്ല എന്നതിനാൽ തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് ഹമാസ് വിശദീകരിച്ചു.
ഗാസയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതിലെ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അവശിഷ്ടങ്ങൾ വീണ്ടെടുക്കൽ ഒരു വലിയ വെല്ലുവിളിയാണെന്നും ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാം എന്നും മൃതദേഹങ്ങൾ കൈമാറുന്നതിന് മേൽനോട്ടം വഹിക്കുന്ന റെഡ് ക്രോസ് തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി.
എന്നാൽ ഹമാസ് മനഃപൂർവം കാലതാമസം വരുത്തുകയാണെന്ന് ആരോപിച്ച് ഇസ്രയേൽ വെടിനിർത്തൽ കരാറിലെ ചില വാഗ്ദാനങ്ങൾ പിൻവലിച്ചിരുന്നു. ഗാസയിലേക്ക് അടിയന്തര സഹായവുമായി എത്തുന്ന ട്രക്കുകളുടെ എണ്ണം ഒരു ദിവസം 300 ആയി കുറയ്ക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. കൂടാതെ റഫ-ഈജിപ്ത് അതിർത്തിയിൽ നിന്ന് ഗാസയിലേക്ക് ഒരു പ്രധാന പാത തുറക്കുന്നതും മാറ്റിവച്ചു. ഡൊണാൾഡ് ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാറിൻ്റെ ലംഘനങ്ങളാണിവ.
ആ കരാർ പ്രകാരം, തിങ്കളാഴ്ച ഹമാസ് അവസാനത്തെ 20 ഇസ്രയേലുകാരായ ബന്ദികളെ മോചിപ്പിക്കുകയും, ഇസ്രയേലിൻ്റെ കസ്റ്റഡിയിൽ നിന്നുള്ള ഏകദേശം 2000 പലസ്തീനികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ഗാസയിൽ നിന്ന് ഇസ്രയേലി സൈന്യം ഭാഗികമായി പിൻവാങ്ങുകയും ചെയ്തു. എന്നാൽ വെടിനിർത്തൽ ഉറപ്പിക്കുന്നതിനും ശാശ്വത സമാധാനത്തിലേക്ക് നീങ്ങുന്നതിനും ലക്ഷ്യമിട്ടുള്ള അടുത്ത നടപടികൾ അപകടസാധ്യത നിറഞ്ഞതാണെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.