യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുമായി താരിഫ് യുദ്ധം തുടരുന്നതിനിടെ പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ വീണ്ടും യുഎസ് സന്ദർശനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. പാകിസ്ഥാൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് അസിം മുനീർ യുഎസ് സന്ദർശിക്കുന്നത്.
യുഎസ് സെൻട്രൽ കമാൻഡർ ജനറൽ മൈക്കിൾ കുറില്ലയുടെ യാത്രയയപ്പിൽ അസിം മുനീർ പങ്കെടുക്കും. ഈ മാസം അവസാനമാണ് കുറില്ലയുടെ വിരമിക്കൽ. നേരത്തെ ജൂൺ മാസത്തിൽ അസിം മുനീർ വാഷിങ്ടൺ സന്ദർശിക്കുകയും ഡൊണാൾഡ് ട്രംപിനോടൊപ്പം വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പാകിസ്ഥാൻ പത്രമായ ഡോണിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, തന്റെ മുൻ സന്ദർശന വേളയിൽ, ഈ വർഷാവസാനം യുഎസ് വീണ്ടും സന്ദർശിക്കുമെന്ന് അസിം മുനീർ സൂചന നൽകിയിരുന്നു.
കയറ്റുമതിയിലെ തീരുവകളെച്ചൊല്ലി അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷത്തിനിടയിലാണ് അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാകുന്നതിന്റെ സൂചന നൽകുന്ന ഈ സന്ദർശനം. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ യുഎസ് കടുത്ത നടപടി സ്വീകരിച്ചിരുന്നു. 25% അധിക തീരുവയാണ് ട്രംപ് ഇന്ത്യക്കുമേൽ പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് അധിക തീരുവ ഈടാക്കിയത്. ഇതോടെ തീരുവ 50 % ആയി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ താരിഫ് ഇനിയും വർധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപിൻ്റെ നീക്കം.
പിന്നാലെ യുഎസിൻ്റെ അധിക തീരുവ പ്രഖ്യാപനത്തോട് കേന്ദ്രസർക്കാർ പ്രതികരിച്ചിരുന്നു. യുഎസിൻ്റെ നടപടി ദൗർഭാഗ്യകരമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എക്‌സിൽ കുറിച്ചു. ട്രംപിൻ്റെ തീരുമാനം പക്ഷപാതപരവും, നീതീകരിക്കാനാകാത്തതും യുക്തിരഹിതവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.