ഒരു രാജ്യത്തിനെതിരായ അക്രമം ഇരു രാജ്യങ്ങൾക്കുമെതിരെയുള്ളതായി കണക്കാക്കും; പ്രതിരോധ കരാറിൽ ഒപ്പുവച്ച് സൗദിയും പാകിസ്ഥാനും
പ്രതിരോധ കരാറിൽ ഏർപ്പെട്ട് സൗദി അറേബ്യയും പാകിസ്ഥാനും. റിയാദിൽ വച്ച് നടന്ന ചടങ്ങിൽ സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാനും,പാകിസ്ഥാൻ പ്രധാന മന്ത്രി ഷെഹ്‌ബാസ് ഷെരീഫും പ്രതിരോധ കരാറിൽ ഒപ്പുവച്ചു. ഒരു രാജ്യത്തിനെതിരായ അക്രമം ഇരു രാജ്യങ്ങൾക്കുമെതിരായ അക്രമമായി കണക്കാക്കും എന്നാണ് ഉടമ്പടിയിൽ പറയുന്നത്.
രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുക, പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരണം, ചരിത്രപരമായ പങ്കാളിത്തം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് കരാർ എന്ന് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി - പാക് മേഖലകളിലും ലോകരാജ്യങ്ങളിലും സുരക്ഷയും സമാധാനവും കൈവരിക്കുന്നതിൽ ഇരു രാജ്യങ്ങളുടേയും പ്രതിബദ്ധത പ്രതിഫലിക്കുന്നതാണ് കരാർ.
രാജ്യങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സുരക്ഷാ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുന്നതാണ് പുതിയ ഉടമ്പടിയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കരാർ ഒപ്പുവയ്ക്കുന്നതിനായി ഇരു രാഷ്ട്ര നേതാക്കളും നടത്തിയ കൂടിക്കാഴ്ചയിൽ പ്രാദേശിക- അന്തർ ദേശീയ വിഷയങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ, മറ്റ് പൊതു താൽപര്യ വിഷയങ്ങൾ എന്നിവയും ചർച്ചയായി.