
കഴിഞ്ഞ ദിവസമാണ് പാക് നടി ഹുമൈറ അസ്ഗർ അലി(32) യെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2024 മുതല്‍ നടി വാടക നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഫ്‌ളാറ്റ് ഒഴിപ്പിക്കാന്‍ ഉടമ എത്തിയപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്. നടി മരിച്ചെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം തയ്യാറാകാതിരുന്നതും വാര്‍ത്തയായി.
അഴുകിയ നിലയിലാണ് ഹുമൈറയുടെ മൃതദേഹം ഫ്‌ളാറ്റിനുള്ളില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. 2024 അവസാനത്തോടെ നടി മരിച്ചിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ ഭക്ഷണ സാധനങ്ങളുടെ കാലാവധി 2024 സെപ്റ്റംബറില്‍ അവസാനിച്ചിരുന്നതായും കണ്ടെത്തി. ഇത്രയും നാളായി നടി മരിച്ച വിവരം കുടുംബമോ സിനിമാ മേഖലയിലുള്ളവരോ അറിഞ്ഞില്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
നടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും നിരവധി അണ്‍റീഡ് മെസേജുകളും പൊലീസ് കണ്ടെത്തി. 2024 ഒക്ടോബറിലാണ് നടിയുടെ ഫോണില്‍ നിന്ന് അവസാനമായി കോള്‍ പോയത്. രണ്ട് സിമ്മുകളും അന്നുമുതല്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഇതേ സമയത്ത് തന്നെ ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് ഫ്‌ളാറ്റിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു. അടുത്തുള്ള അപാര്‍ട്ട്‌മെന്റുകളില്‍ ആള്‍താമസമില്ലാത്തതിനാല്‍ മരണ വിവരം പുറത്തറിഞ്ഞില്ലെന്നും പൊലീസ് പറയുന്നു.
2024 ഒക്ടോബര്‍ ഏഴിനാണ് ഹുമൈറയുടെ അവസാന വാട്‌സ്ആപ്പില്‍ നിന്ന് സന്ദേശം പോയത്. നടിയുടെ സ്റ്റൈലിസ്റ്റായ ഡാനിഷ് മഖ്‌സൂദ് ഒക്ടോബര്‍ 20 ന് അയച്ച മെസേജ് അണ്‍റീഡാണ്. 2024 സെപ്റ്റംബര്‍ 30 നാണ് ഇന്‍സ്റ്റഗ്രാമില്‍ നടി അവസാനമായി ഫോട്ടോ പോസ്റ്റ് ചെയ്തത്.
മൃതദേഹം പൂര്‍ണമായും അഴുകിയ നിലയിലായതിനാല്‍ മരണകാരണം കണ്ടെത്താന്‍ ശാസ്ത്രീയമായ പരിശോധനകള്‍ ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്.
അതേസമയം, ഹുമൈറയുടെ മരണവിവരം പുറത്തു വന്നിട്ടും മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം തയ്യാറാകാതിരുന്നതും വാര്‍ത്തയായി. പാകിസ്ഥാനിലെ അറിയപ്പെടുന്ന നടിയും മോഡലുമായ ഹുമൈറയുമായി കുടുംബത്തിന് ബന്ധമുണ്ടായിരുന്നില്ല. ഹുമൈറ ഈ കരിയര്‍ തിരഞ്ഞെടുത്തതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. മകളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചതാണെന്നും മൃതദേഹം ഏറ്റെടുക്കില്ലെന്നുമാണ് പിതാവ് പൊലീസിനെ അറിയിച്ചത്.
കുടുംബവുമായി അകന്നു കഴിയുന്ന ഹുമൈറ ഏഴ് വര്‍ഷമായി തനിച്ചായിരുന്നു താമസിച്ചിരുന്നത്. ജോലി ആവശ്യങ്ങള്‍ക്കല്ലാതെ വീട്ടില്‍ നിന്നും അധികം പുറത്തിറങ്ങാറില്ലായിരുന്നു. ഹുമൈറയുടെ പിതാവ് മുന്‍ ആര്‍മി ഡോക്ടറാണ്. ലാഹോറിലുള്ള പിതാവിനേയും സഹോദരനേയും ബന്ധപ്പെട്ടപ്പോള്‍ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് അറിയിച്ചതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സഹോദരി ഭര്‍ത്താവാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ ലാഹോറില്‍ നിന്ന് കറാച്ചിയില്‍ എത്തിയത്.
ഹുമൈറുയുടെ മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ പാക് സിനിമാ സീരിയല്‍ രംഗത്തെ നിരവധി പേര്‍ മൃതേദഹം ഏറ്റെടുക്കാന്‍ തയ്യാറായി എത്തിയതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.