
"ഞാന്‍ തിരിച്ചെത്തുന്നവരെ കാണുകയായിരുന്നു. എനിക്കൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. കാണുന്നത് യഥാര്‍ത്ഥമാണോ അതോ മറ്റൊരു നുണയോ? വടക്കന്‍ നഗരത്തിലേക്ക് തിരികെയെത്താന്‍ കഴിയില്ലെന്ന് ഞങ്ങള്‍ ഭയപ്പെട്ടിരുന്നു. പക്ഷേ, ഞങ്ങള്‍ യുദ്ധത്തിന്റെ അവസാനത്തിലെത്തിയതായി തോന്നുന്നു.
അല്‍-റാഷിദ് റോഡ് തുറന്നെന്ന വാര്‍ത്ത വരുമ്പോള്‍, മധ്യ ഗാസയിലെ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു. അവര്‍ ഉടന്‍ തന്നെ സാധനങ്ങളെല്ലാം എടുത്ത് തിരികെപ്പോയി. എല്ലാം ഉള്‍ക്കൊള്ളാന്‍ ഞാന്‍ കുറച്ചുനേരം ഇവിടെ നോക്കി നില്‍ക്കും, പിന്നെ ഗാസ സിറ്റിയിലേക്ക് പോകും. കാരണം നിങ്ങള്‍ തിരിച്ചുവരുമ്പോള്‍, അവിടെയുള്ളതെല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു.
സിനിമയില്‍ പോലും കാണാന്‍ കഴിയാത്ത കാര്യങ്ങളാണ് ഞങ്ങള്‍ അനുഭവിച്ചത്. ഈ യുദ്ധത്തില്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളെ നഷ്ടപ്പെട്ടു. ലോകത്തോട് എന്താണ് ഇനിയും പറയേണ്ടത്. പലസ്തീനികള്‍ കടന്നുപോയ സാഹചര്യങ്ങളെല്ലാം ലോകം കണ്ടതാണ്. ഗാസയെ വീണ്ടും മഹത്തരമായി കാണാനും, ഗാസ പുനർനിർമിക്കപ്പെടുന്നത് കാണാനും ഞാന്‍ ആഗ്രഹിക്കുന്നു"
ഗാസ നിവാസിയായ ബിലാല്‍ അബു മദീന്‍ മിഡില്‍ ഈസ്റ്റ് ഐ-യോട് പറഞ്ഞ വാക്കുകളാണിത്. വടക്കന്‍ ഗാസയില്‍നിന്ന് തെക്കന്‍ പ്രദേശങ്ങളിലേക്ക് ചിതറിക്കപ്പെട്ടവര്‍ തിരിച്ചെത്തുന്നത് തടയാന്‍ അടച്ചിട്ടിരുന്ന അല്‍-റാഷിദ് റോഡ് തുറന്നതിനു പിന്നാലെ, ഒരു മണിക്കൂറോളമാണ് ബിലാല്‍ റോഡരികില്‍ നിന്നത്. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനെത്തുടര്‍ന്ന് ഓടിപ്പോയവര്‍, യുദ്ധം ബാക്കിവെച്ച സ്വന്തം നഗരത്തിലേക്ക് തിരികെ വരുന്നത് കാണുകയായിരുന്നു അയാള്‍. വെടിയൊച്ചയില്ലാത്ത നാളുകളൊന്നില്‍, ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. ഭയവും ആശങ്കയും നിഴലിട്ട മുഖങ്ങള്‍ക്കു പകരം, പ്രതീക്ഷയുടെ തിളക്കമുണ്ട് അവരില്‍. വംശഹത്യയുടെയും ആക്രമണത്തിന്റെയും ദുരിതനാളുകളില്‍ തെക്കന്‍ ഗാസയിലേക്ക് ചിതറപ്പെട്ടവര്‍, സ്വന്തം വീടുകളിരുന്ന സ്ഥലങ്ങളിലേക്കാണ് തിരിച്ചെത്തുന്നത്.
യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ ആദ്യ ഘട്ടമാണ് നടപ്പാകുന്നത്. 72 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ സേന പൂര്‍ണമായും പിന്‍വാങ്ങും. ഹമാസ് ഇരുപതോളം ഇസ്രയേലി ബന്ദികളെയും, കൊല്ലപ്പെട്ടവരുടെ മൃതദേഹ ശേഷിപ്പുകളും കൈമാറും. പകരം ഇസ്രയേല്‍ രണ്ടായിരത്തോളം പലസ്തീനി തടവുകാരെ കൈമാറും. ഇത്തരത്തില്‍ സ്വതന്ത്രരാക്കപ്പെടുന്നവരുടെ വിശദാംശങ്ങള്‍ ഇനിയും പരസ്യപ്പെടുത്തിയിട്ടില്ല. ആരെയൊക്കെ വിട്ടയയ്ക്കണം എന്ന കാര്യത്തില്‍ ഹമാസിനും ഇസ്രയേലിനുമിടയില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതായാണ് വിവരം. പക്ഷേ, ഇസ്രയേല്‍ സേനാ പിന്മാറ്റത്തിന് തുടക്കമിട്ടിട്ടുണ്ട്. അതോടെയാണ്, മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തിന് സമാന്തരമായി പോകുന്ന അല്‍-റാഷിദ് റോഡ് തുറന്നത്.
അടിയന്തര കുടിയൊഴിപ്പിക്കല്‍ ഉത്തരവുകള്‍ക്കും, ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണങ്ങള്‍ക്കും പിന്നാലെ, ആളുകള്‍ പ്രാണരക്ഷാര്‍ഥം വടക്കന്‍ ഗാസയിലേക്ക് ഓടിപ്പോയത് അല്‍-റാഷിദ് റോഡിലൂടെയായിരുന്നു. ബെയ്ത് ഹനൂന്‍, ജബലിയ എന്നിങ്ങനെ വടക്കന്‍ ഗാസയും ഗാസ സിറ്റിയും ഉപേക്ഷിച്ച് ജനം മധ്യഗാസയിലെ ദെയ്‌ര്‍ അല്‍ ബലയിലേക്കും പിന്നീട് ഖാന്‍ യൂനിസ്, റാഫ ഉള്‍പ്പെടെ തെക്കന്‍ ഗാസയിലേക്കും ചിതറി. ഗാസ സിറ്റിക്കിപ്പുറം നെറ്റ്‌സറിം ഇടനാഴിയില്‍ ഇസ്രയേല്‍ സേന തമ്പടിച്ചു. കൂട്ടത്തോടെ തെക്കന്‍ ഗാസയിലേക്ക് ഓടിപ്പോയവര്‍ മടങ്ങിയെത്താത്തവിധം ഇസ്രയേല്‍ നിയന്ത്രണം കൈക്കലാക്കുകയും ചെയ്തു.
23 ലക്ഷത്തോളമാണ് ഗാസയുടെ ജനസംഖ്യ. അതില്‍ 80 ശതമാനം, അതായത് 20 ലക്ഷം പലസ്തീനികളാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. ഒന്നോ രണ്ടോ തവണയല്ല, പല തവണ താമസയിടങ്ങള്‍ മാറിപ്പോകാന്‍ അവര്‍ നിര്‍ബന്ധിതരായി. രണ്ട് വര്‍ഷത്തിനിടെ, ഒരു തവണയെങ്കിലും മാറാത്തവര്‍ ഇല്ലെന്നു പറയാം. ഈ വര്‍ഷം മാര്‍ച്ചില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയപ്പോള്‍, 12 ലക്ഷം ആളുകളാണ് ഗാസ സിറ്റി വിട്ടു പോയത്. മധ്യഗാസയിലേക്കും പിന്നീട് തെക്കന്‍ ഗാസയിലേക്കും മാറി. ഗാസയുടെ 88 ശതമാനം ഇസ്രയേലിന്റെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ ഉത്തരവിന് കീഴിലായിരുന്നു. ഇതോടെ, നഗരങ്ങളെല്ലാം ഒഴിപ്പിച്ചു. യുദ്ധത്തില്‍ പരിക്കേറ്റവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എല്ലാവരും കിടപ്പാടം വിട്ടോടി. സമ്പാദ്യമെല്ലാം വിറ്റുപെറുക്കി വാഹനങ്ങളില്‍ യാത്ര ചെയ്തവരും, ഉള്ളതെല്ലാം കെട്ടിപ്പെറുക്കി യാത്രയായവരും, പ്രാണരക്ഷാര്‍ഥം എല്ലാം വിട്ടെറിഞ്ഞ് ഓടിപ്പോരേണ്ടിവന്നവരും ഇവരിലുണ്ട്. വടക്കന്‍ ഗാസയിലെ താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ പലതും നിറഞ്ഞുകവിഞ്ഞതോടെ, പതിനായിരങ്ങള്‍ക്ക് തല ചായ്ക്കാന്‍ പോലും ഇടമില്ലാതെയായി. തെരുവും തണലിടങ്ങളുമായിരുന്നു അവരുടെ വാസസ്ഥലങ്ങള്‍.
സമാധാന പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ റോഡുകള്‍ തുറക്കപ്പെടുകയും, നെറ്റ്‌സറിം ഇടനാഴി ഉള്‍പ്പെടെ നിരത്തുകളില്‍നിന്ന് ഇസ്രയേല്‍ സൈനിക ടാങ്കുകള്‍ പിന്‍വാങ്ങുകയും ചെയ്തതോടെയാണ് ആളുകള്‍ കൂട്ടത്തോടെ തെക്കന്‍ ഗാസയിലേക്ക് എത്തുന്നത്. അല്‍-റാഷിദ് റോഡിലൂടെ കാല്‍നടയായും അല്ലാതെയുമാണ് ഗാസ സിറ്റിയിലേക്ക് ആളുകളെത്തുന്നത്. വലിയ ഭാണ്ഡങ്ങള്‍ തോളിലും തലയിലുമേറ്റി കാല്‍നടയായി എത്തുന്നവരുടെ കൂട്ടത്തെയും, വലുതും ചെറുതുമായ വാഹനങ്ങളില്‍ യുദ്ധം ബാക്കിവെച്ച സമ്പാദ്യമെല്ലാം കെട്ടിപ്പെറുക്കി യാത്ര ചെയ്യുന്നവരുടെ കൂട്ടത്തെയും കാണാം. പലസ്തീന്‍ പതാക വീശിയും, വിജയമുദ്ര കാണിച്ചും തികഞ്ഞ സന്തോഷം പങ്കുവച്ചുമൊക്കെയാണ് ഇവരുടെ യാത്ര.
കണ്ണീര്‍ നനവുള്ള പ്രാര്‍ത്ഥനയോടെയാണ് ഒരു ജനത മടങ്ങിയെത്തുന്നത്. ആറ് പതിറ്റാണ്ടുകൊണ്ട് കെട്ടിപ്പൊക്കിയ വികസനങ്ങളെല്ലാം നിലംപൊത്തിയത് അവര്‍ കണ്ടതാണ്. പക്ഷേ, മറ്റെവിടെ പോയാലും അഭയാര്‍ഥികളായോ രണ്ടാം പൗരന്മാരായോ ദുരിതജീവിതം പേറേണ്ടിവരുമെന്ന ഭീതിയാണ് യുദ്ധം ബാക്കിവച്ച മാലിന്യക്കൂനയിലേക്ക് അവരെ മടക്കിക്കൊണ്ടുവരുന്നത്. ശുദ്ധമായ കുടിവെള്ളം ഇല്ലാത്ത, മലിനജന സംസ്കരണ സംവിധാനങ്ങള്‍ തകര്‍ന്ന, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത ഗാസ. ജലസ്രോതസ്സുകളെല്ലാം മലിനമാണ്. കൃഷിയും ചെടിയും മരങ്ങളും ഉള്‍പ്പെടെ പച്ചപ്പെല്ലാം നഷ്ടമായി. പ്രാദേശിക ഭക്ഷ്യ ഉത്പാദനം എന്നത് ചിന്തിക്കാനാവില്ല.
രണ്ടര ലക്ഷം കെട്ടിടങ്ങളില്‍ 78 ശതമാനവും പൂര്‍ണമായും തകര്‍ക്കപ്പെട്ടു. 61 മില്യണ്‍ ടണ്‍ അവശിഷ്ടങ്ങളാണ് കുന്നുകൂടിയിരിക്കുന്നത്. കല്ലും സിമന്റും ആസ്ബെറ്റോസും തുടങ്ങി ലോഹങ്ങളും, രാസപദാര്‍ത്ഥങ്ങളും, ഇ മാലിന്യവുമെല്ലാം ഇത്തരത്തില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. വെള്ളവും, വായുവും, മണ്ണും എല്ലാം മലിനമാണ്. ജനങ്ങളുടെ ആരോഗ്യത്തിന് അത് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. അവിടേക്കാണ് ഒരു ജനത പ്രതീക്ഷയോടെ നടന്നെത്തുന്നത്. ലോകം ഇനിയും തങ്ങളെ തോല്‍പ്പിക്കില്ല എന്നതു മാത്രമാണ് അവരുടെ പ്രതീക്ഷ.