കഴിഞ്ഞ ദിവസം മെക്സിക്കോയിൽ നടന്ന വേദനിപ്പിക്കുന്ന ഒരു പ്രതിഷേധ പ്രകടനം ഇപ്പോൾ ചർച്ചയാകുകയാണ്. ദുരൂഹസാഹചര്യത്തിൽ രാജ്യത്ത് കാണാതായ ഒന്നരലക്ഷത്തോളം പേരുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മാർച്ച്.കാണാതായവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവർത്തകരുമടക്കം ആയിരക്കണക്കിന് പേരാണ് നീതിയ്ക്കായി തെരുവിലിറങ്ങിയത്.
മെക്സിക്കോ സിറ്റി, ഗ്വാഡൽജര, കോർഡോബ നഗരങ്ങളിലെ തെരുവുകളിലൂടെ ആയിരക്കണക്കിന് പേർ നീതി ആവശ്യപ്പെട്ട് മാർച്ച് നടത്തി. കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്തണം- മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനോട് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
2007-ൽ അന്നത്തെ പ്രസിഡന്റ് ഫെലിപ്പ് കാൽഡെറോൺ മയക്കുമരുന്ന് മാഫിയക്കെതിരെ യുദ്ധം ആരംഭിച്ച ശേഷമാണ് കൂട്ട തിരോധാനങ്ങൾ കൂടുതലും സംഭവിച്ചത്. കാണാതായവർ പലരും മയക്കുമരുന്ന് കാർട്ടലുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരോ, ചെറുത്തുനിൽപ്പിനിടെ കൊല്ലപ്പെട്ടവരോ ആകാം എന്നാണ് നിഗമനം. മയക്കുമരുന്ന് മാഫിയയും സംഘടിത കുറ്റകൃത്യ ഗ്രൂപ്പുകളും ഏറ്റവുമധികമുള്ള രാജ്യമാണ് മെക്സിക്കോ.
ഒക്സാക്ക പോലെയുള്ള തെക്കൻ സംസ്ഥാനങ്ങൾ മുതൽ സൊനോറ, ഡുറാൻഗോ എന്നീ വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വരെ ആളുകൾ പ്രതിഷേധത്തിനെത്തി കാണാതായവരുടെ മുഖമുള്ള ചിത്രം പതിച്ച പ്ലക്കാർഡുകളുമായാണ് അവർ വന്നത്. പ്രതിഷേധം മെക്സിക്കോ സിറ്റിയിൽ, ഗതാഗതം സ്തംഭിപ്പിച്ചു. കാണാതായവർ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്യപ്പെട്ടോ എന്ന സംശയവുമുണ്ട്. ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുന്ന സംഘങ്ങളിൽ നിന്ന് വിവരമെടുത്ത് അന്വേഷിക്കാനായി "ബസ്കാഡോറുകൾ" എന്നറിയപ്പെടുന്ന ഒരു തെരച്ചിൽ സംഘം ഈ കുടുംബങ്ങൾ രൂപീകരിച്ചിട്ടുണ്ട്.
വടക്കൻ മെക്സിക്കോയിലെ ഗ്രാമപ്രദേശങ്ങളിലും മരുഭൂമികളിലും കാടുകളിലും സംഘം തെരച്ചിൽ നടത്തി. എന്നാൽ ജാലിസ്കോ മേഖലയിൽ ഒരു തെരച്ചിൽ സംഘത്തെ മയക്കുമരുന്ന് സംഘം കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്. എന്നാൽ ആ മേഖലയിൽ ശ്മശാനമോ മറ്റ് അസ്വാഭാവികമായ ഇടങ്ങളോ കണ്ടെത്തിയിട്ടില്ലെന്നാണ് സ്റ്റേറ്റ് അറ്റോർണി ജനറൽ ഓഫീസ് പറയുന്നത്.
ലാറ്റിനമേരിക്ക കണ്ട ഏറ്റവും വലിയ തിരോധാന പരമ്പരയെ ഞെട്ടിപ്പിക്കുന്ന മാനുഷിക ദുരന്തം എന്നാണ് യുഎൻ വിശേഷിപ്പിച്ചത്. 1996-ൽ അവസാനിച്ച ഗ്വാട്ടിമാലയിലെ 36 വർഷത്തെ ആഭ്യന്തരയുദ്ധത്തിൽ 40,000 ത്തോളം പേരെ കാണാനില്ലെന്നാണ് കണക്ക്. 1976 നും 1983 നും ഇടയിൽ അർജന്റീയൻ സൈനിക ഭരണത്തിൻ കീഴിൽ ഏകദേശം 30,000 പേരേയും കാൺമാനില്ല.