പോർച്ചുഗലിൽ അമിത ഭാരമുള്ള ഭാര്യ ദേഹത്ത് വീണതിന് പിന്നാലെ 59കാരൻ ശ്വാസം മുട്ടി മരിച്ചു. 100കിലോയിലധികം ഭാരമുള്ള ഭാര്യ അബദ്ധത്തിൽ തറയിൽ ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇവർക്ക് എഴുന്നേൽക്കാൻ കഴിയാഞ്ഞതോടെയാണ് ദുരന്തമുണ്ടായത്.
വടക്കുപടിഞ്ഞാറൻ പോർച്ചുഗലിലെ കാമ്പൻഹ റെസിഡൻഷ്യൽ ഏരിയയിലാണ് സംഭവം.ഡെയ്‌ലി മെയിൽ റിപ്പോർട്ടനുസരിച്ച് , 60 വയസ്സുള്ള ഭാര്യ കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ, കാലിടറി, തറയിൽ കിടന്നിരുന്ന ഭർത്താവിന്റെ ദേഹത്ത് വീഴുകയായിരുന്നു. കട്ടിലിനും ചുമരിനുമിടയിൽ കുടുങ്ങിയതോടെ അവർ സ്വയം എഴുന്നേൽക്കാൻ കഴിയാതെ സഹായത്തിനായി നിലവിളിച്ചു.
അയൽക്കാർ ഓടിയെത്തി ഭാര്യയെ പുറത്തെടുത്തെങ്കിലും, ഭർത്താവിനെ രക്ഷിക്കാനായില്ല. അബോധാവസ്ഥയിലായിരുന്ന ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും, ശ്വാസംമുട്ടലിന് പിന്നാലെ ഇയാൾക്ക് ഹൃദയാഘാതം സംഭവിച്ചതിനാൽ ജീവൻ രക്ഷിക്കാനായില്ല.
അഞ്ച് പേർ ചേർന്നാണ് ഇടുങ്ങിയ സ്ഥലത്ത് നിന്നും ഭാര്യയെ എടുത്തുയർത്തിയതെന്ന് പോർച്ചുഗീസ് ദിനപത്രമായ കൊറെയോ ഡ മാൻഹയെ ഉദ്ധരിച്ച് മിറർ റിപ്പോർട്ട് ചെയ്തു. ഭർത്താവിന് ശാരീരികമായി ശക്തി കുറവായിരുന്നെന്നാണ് റിപ്പോർട്ട്. അതിനാൽ ഭാര്യയെ ഉയർത്താൻ ഇയാൾക്ക് സാധിച്ചില്ല. ഇത് ഒരു അസാധാരണ മരണമാണെന്നും ക്രിമിനൽ ഘടകങ്ങളൊന്നുമില്ലെന്നും പൊലീസ് പറയുന്നു. അപകടത്തിൻ്റെ ആഘാതത്തെ തുടർന്ന് ഭാര്യ ഇപ്പോൾ കൗൺസിലിംഗ് സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.