
ലണ്ടൻ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്ട്രേലിയയും. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഇസ്രയേലിനും പലസ്തീനുമിടയിൽ സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസ്രയേലിനുo പലസ്തീനും മികച്ച ഭാവിയുണ്ടാകട്ടെ എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
"മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന ഭീകരതയുടെ പശ്ചാത്തലത്തിൽ, സമാധാനത്തിൻ്റെയും ദ്വിരാഷ്ട്ര പരിഹാരത്തിൻ്റെയും സാധ്യത നിലനിർത്താനാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അതിനർത്ഥം സുരക്ഷിതവും പരിരക്ഷിതവുമായ ഒരു ഇസ്രയേൽ വേണം. അതോടൊപ്പം തന്നെ ഒരു പ്രായോഗികമായ പലസ്തീൻ രാഷ്ട്രവും നമുക്ക് വേണം. നിലവിൽ നമുക്ക് രണ്ടും ഇല്ല. സമാധാനത്തിൻ്റെയും ദ്വിരാഷ്ട്ര പരിഹാരത്തിൻ്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാനായി ബ്രിട്ടൻ പലസ്തീൻ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു," സ്റ്റാർമർ പറഞ്ഞു.
ഔദ്യോഗിക പ്രഖ്യാപനം ഹമാസിനുള്ള സമ്മാനമല്ലെന്നും അവരുടെ പക്കലുള്ള ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും സ്റ്റാർമർ ആവശ്യപ്പെട്ടു. "ഗാസയിൽ ഹമാസ് ബന്ദികളാക്കിയ ബ്രിട്ടീഷ് കുടുംബങ്ങളെ താൻ കണ്ടിട്ടുണ്ട്. അവർ എല്ലാ ദിവസവും അനുഭവിക്കുന്ന പീഡനങ്ങൾ ഇസ്രയേലിലെയും യുകെയിലെയും ആളുകളുടെ ഹൃദയങ്ങളിൽ ആഴത്തിൽ വേദന ഉണ്ടാക്കുന്നത് താൻ കാണുന്നുണ്ട്. ബന്ദികളെ ഉടൻ മോചിപ്പിക്കണം," സ്റ്റാർമർ പറഞ്ഞു.
"യഥാർത്ഥ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ഞങ്ങളുടെ ആഹ്വാനം ഹമാസിൻ്റെ വെറുപ്പു നിറഞ്ഞ ദർശനത്തിന് വിപരീതമാണ്. ദ്വിരാഷ്ട്ര പരിഹാരം ഹമാസിനുള്ള ഒരു പ്രതിഫലമല്ല. കാരണം ഹമാസിന് ഭാവിയില്ല. സർക്കാരിൽ ഒരു പങ്കുമുണ്ടാകില്ല. പലസ്തീൻ്റെ സുരക്ഷയിൽ ഒരു പങ്കും ഉണ്ടാകില്ല എന്നാണ് ഇതിനർത്ഥം," ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ കൂട്ടിച്ചേർത്തു.